ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് ശരദ് പവാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥി ആകണമെന്ന് ആവശ്യപ്പെട്ട് ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും പവാറിനെ കണ്ടിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് ശരദ് പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു.
പകരം ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് വിവരം. എന്‍സിപി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം രൂപപ്പെട്ടിരുന്നു. പവാറിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമതസ്വരവുമായി രംഗത്തുവന്ന ജി-23 കൂട്ടായ്മയില്‍ ഉള്‍പ്പെട്ടയാളാണ് ഗുലാം നബി ആസാദ്. കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളോട് കലഹിച്ചു നില്‍ക്കുന്ന ഗുലാം നബി ആസാദിന്റെ പേരിനോട് സോണിയയും രാഹുല്‍ഗാന്ധിയും എന്ത് സമീപനം സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.
അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നാളെയാണ് യോഗം വിളിച്ചിട്ടുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി യോഗം വിളിച്ചതിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.
ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എംപിമാരും സംസ്ഥാന നിയമസഭകളിലെ ജനപ്രതിനിധികളുമാണ് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ടു ചെയ്യുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates