രാഹുൽ ​ഗാന്ധിയുടെ ഉത്തരങ്ങൾ തൃപ്തികരമല്ല, കുരുക്ക് മുറുക്കാൻ ഇഡി; ചോദ്യം ചെയ്യൽ ഇന്നും തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 08:10 AM  |  

Last Updated: 15th June 2022 08:10 AM  |   A+A-   |  

rahul_gandhi_ed

രാഹുൽ​ഗാന്ധി/ പിടിഐ

 

ന്യൂഡൽഹി; നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കുരുക്ക് മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചു. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിൻ്റെ ആവശ്യം നിരാകരിച്ചാണ് ഇഡിയുടെ നീക്കം. രാവിലെ പതിനൊന്ന് മണിക്കാണ് ഹാജരാകാൻ നിർദേശം. 

ഇന്നലെ പത്ത് മണിക്കൂറോളമാണ് രാഹുൽ​ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു. ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. എന്നാൽ ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ്  ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം രാഹുലിനോട് ഇന്നലെ  ചോദിച്ചറിഞ്ഞത്. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ രണ്ടിനാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ വിദേശത്തായതിനാല്‍ ജൂണ്‍ 13ലേക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. 

പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.

 2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. നാഷണല്‍ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാംതവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ