'യുവാക്കള്‍ക്ക് സുവര്‍ണാവസരം; നിയമന നടപടികള്‍ ഉടന്‍'; അഗ്നിപഥ് പിന്‍വലിക്കില്ലെന്ന സൂചനയുമായി കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 11:40 AM  |  

Last Updated: 17th June 2022 11:43 AM  |   A+A-   |  

rajnath-singh

രാജ്നാഥ് സിം​ഗ്/ ഫയൽ

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പദ്ധതിയായ അഗ്നിപഥ് പിന്‍വലിക്കില്ലെന്ന സൂചനയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അഗ്നിപഥ് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്.

രണ്ട് വര്‍ഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടപടികള്‍ നടന്നിരുന്നില്ല. ഇതുമൂലം നിരവധി യുവാക്കള്‍ക്ക് സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതൊരു വസ്തുതയാണ്. ഇതു കണക്കിലെടുത്തും, യുവാക്കളുടെ ഭാവി പരിഗണിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ, ഇത്തവണ അഗ്‌നിവീരന്മാരുടെ റിക്രൂട്ട്‌മെന്റിന്റെ പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തി നിലവിലെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ട്. 

ഹൃസ്വകാല നിയമന നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. റിക്രൂട്ട്‌മെന്റ് പ്രായപരിധി ഉയര്‍ത്തിയത് അഗ്‌നിവീരന്മാരാകാനുള്ള നിരവധി യുവാക്കളുടെ യോഗ്യതയാണ് വര്‍ദ്ധിപ്പിക്കുന്നത്.  സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കാനും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അഗ്നിപഥ് പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനും ശോഭനമായ ഭാവിയിലേക്ക് മുന്നേറാനും ഈ സംരംഭം സഹായിക്കും. യുവാക്കള്‍ക്ക് പദ്ധതി ഏറെ ഗുണകരമാണ്. അഗ്‌നിപഥ് പദ്ധതിയിലൂടെ യുവാക്കള്‍ക്ക് രാജ്യത്തിനും ശോഭനമായ ഭാവിക്കും വേണ്ടിയുള്ള ദിശയിലേക്ക് മുന്നേറാനാകും. പദ്ധതി നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്നും അമിത് ഷാ പറഞ്ഞു. 

സൈന്യത്തില്‍ നാലുവര്‍ഷത്തെ ഹ്രസ്വകാല നിയമനം നല്‍കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം രൂക്ഷമായി. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ ബലിയയിലും സമരക്കാര്‍ ട്രെയിനിന് തീയിട്ടു. സമരക്കാര്‍ റെയില്‍റോഡ് ഗതാഗതം തടഞ്ഞു. നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ക്കും ട്രെയിനുകള്‍ക്കും ബസുകള്‍ക്കും നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് ഫരീദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ശമനമില്ലാതെ പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു; ഫരീദാബാദില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ