മമത പിന്‍മാറുന്നു?; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ല

പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി
മമത ബാനര്‍ജി/ഫയല്‍ ചിത്രം
മമത ബാനര്‍ജി/ഫയല്‍ ചിത്രം


കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ക്കുന്ന രണ്ടാമത്തെ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 21നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം. 

മമത ബാനര്‍ജിയാണ് സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. ആദ്യത്തെ യോഗത്തില്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മമതയാണ് പവാറിന്റെ പേര് നിര്‍ദേശിച്ചത്. മറ്റു നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പവാര്‍ വിസ്സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മമത നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ പേര് നിര്‍ദേശിച്ചു. എന്നാല്‍ അബ്ദുള്ളയും വിസമ്മതിക്കുകയായിരുന്നു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മമത അടക്കമുള്ള പ്രതിപക്ഷ നേതാക്കളോട് ചര്‍ച്ച നടത്തിയിരുന്നു. മത്സരം ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മമത വ്യക്തമാക്കിയിരിക്കുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത പ്രധാന പരിപാടികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. 

കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, ഡിഎംകെ,ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡിഎസ്, ആര്‍എസ്പി, സിപിഐഎംഎല്‍, മുസ്ലിം ലീഗ്, ആര്‍എല്‍ഡി, ജെഎംഎം എന്നീ പാര്‍ട്ടികളാണ് മമത വിളിച്ച ആദ്യ യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് മുന്‍നിര്‍ത്തി എഎപിയും തെലങ്കാന രാഷ്ട്രീയ സമിതിയും യോഗത്തില്‍ നിന്ന വിട്ടുനിന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com