ഉടന്‍ നഗരം വിടണം; ഹാര്‍കീവിലെ ഇന്ത്യക്കാര്‍ക്ക് അടിയന്തര നിര്‍ദേശം

യുക്രൈന്‍ സമയം വൈകിട്ട് ആറു മണിക്കു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിര്‍ദേശിച്ചിട്ടുള്ളത്
തകര്‍ന്ന റഷ്യന്‍ ടാങ്കുകള്‍ക്കു സമീപത്തുകൂടെ നീങ്ങുന്ന യുക്രൈനികള്‍/എപി
തകര്‍ന്ന റഷ്യന്‍ ടാങ്കുകള്‍ക്കു സമീപത്തുകൂടെ നീങ്ങുന്ന യുക്രൈനികള്‍/എപി

കീവ്: ഹാര്‍കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരത്തിനു പുറത്തുകടക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. യുക്രൈന്‍ സമയം വൈകിട്ട് ആറു മണിക്കു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിര്‍ദേശിച്ചിട്ടുള്ളത്.

പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നീ ഇടങ്ങളില്‍ എത്രയും വേഗം എത്തണമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. 

സുരക്ഷിതപാതയൊരുക്കുമെന്ന് റഷ്യ

യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് മടങ്ങിവരുന്നതിന് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കും. ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലപോവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ റഷ്യ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമായ പാത 'എത്രയും വേഗം' ഉറപ്പാക്കുമെന്നും അലപോവ് പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട്ഇന്ത്യ തുടരണമെന്നും അലപോവ് അഭ്യര്‍ത്ഥിച്ചു.

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യ അന്വേഷണം നടത്തും. നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. നവീന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു.

യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

എല്ലാ ഇന്ത്യാക്കാരെയും മടക്കിക്കൊണ്ടുവരും

കുടുങ്ങിയ എല്ലാ ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിനായി സാധ്യമായ എല്ലാ മാര്‍ഗവും തേടും. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിനായാണ് നാലു കേന്ദ്രമന്ത്രിമാരെ യുെ്രെകന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹാര്‍കീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. റഷ്യയുടെ സഹായം ലഭ്യമാകുന്നതോടെ, യുെ്രെകന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധിയാണ് ഒഴിവാകുന്നത്.

ഹാര്‍കീവിലും സൂമിയിലും ശക്തമായ ആക്രമണം

ഹാര്‍കീവിലും സൂമിയിലും റഷ്യന്‍ സേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹാര്‍കീവില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍കീവ് നഗരത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരിക്കേറ്റതായും ഹാര്‍കീവ് മേയര്‍ പറഞ്ഞു.

6000 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. ബോംബുകള്‍ കൊണ്ട് റഷ്യയ്ക്ക് യുെ്രെകനെ ജയിക്കാനാകില്ല. പരമാവധി പെരുതുമെന്നും സെലന്‍സ്‌കി പറഞ്ഞു. അതിനിടെ ആക്രമണം രൂക്ഷമായ സൂമനിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ രക്ഷാദൗത്യം ഉടന്‍ ഉണ്ടായേക്കും. യാത്രയ്‌ക്കൊരുങ്ങാന്‍ നിര്‍ദേശം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com