കീവ്: യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സുരക്ഷാ കാരണങ്ങളാല്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ. സൂമിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. രക്ഷാദൗത്യത്തിനുള്ള പാത സുരക്ഷിതമല്ല എന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരാജയമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
യുക്രൈന്‍ തലസ്ഥാനമായ കീവ്, മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നാലു നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിരവധി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സൂമി നഗരത്തില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്.
സൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചു
വിദ്യാര്‍ഥികളെ ബസില്‍ കയറ്റി അതിര്‍ത്തി കടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയെങ്കിലും ബസ് പോകേണ്ട സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുകയായിരുന്നു. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
സൂമിയില്‍ ഏകദേശം 600 വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഇവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. യുക്രൈനില്‍ ഏകദേശം 20000 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 16000ലധികം പേരെ ഇതിനോടകം തന്നെ ഒഴിപ്പിച്ചു. ഏകദേശം 3000 പേര്‍ യുക്രൈന്റെ അയല്‍രാജ്യങ്ങളില്‍ എത്തിയതായും മുരളീധരന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates