'മതപരമായ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട; യൂണിഫോം കോഡ് ഉള്ളിടത്ത് അത് പാലിക്കണം': കര്‍ണാടക ഉന്നത വിദ്യാഭ്യാസമന്ത്രി

എന്നാല്‍ യൂണിഫോം നിര്‍ബന്ധമല്ലാത്തിടത്ത്, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്



ചെന്നൈ: യൂണിഫോം കോഡ് നിലനില്‍ക്കുന്ന വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കര്‍ശനമായും അത് പാലിക്കണമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായണ്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തിങ്ക് എഡ്യു കോണ്‍ക്ലേവിന്റെ പത്താം എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ഹിജാബ് നിരോധത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. 

ജാതി,മത പരിഗണനയില്ലാതെ എല്ലാവരും യൂണിഫോം ധരിക്കണമെന്ന നിര്‍ബന്ധമുള്ളതിനാല്‍, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ കുറിച്ച് ചോദ്യം ഉയരുന്നില്ല. എന്നാല്‍ യൂണിഫോം നിര്‍ബന്ധമല്ലാത്തിടത്ത്, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യൂണിഫോം നിയമം ഇപ്പോള്‍ കൊണ്ടുവരികയോ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുകയോ ചെയ്തതല്ല. കാലങ്ങളായി നിലനില്‍ക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനായി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ പരിസരങ്ങള്‍ നോക്കാതെ, എല്ലാ വ്യക്തികളെയും ഒരുപോലെ ശാക്തീകരിക്കുക എന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കാന്‍ ഒരു കാരണം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇപ്പോള്‍ ഒരു പ്രശ്‌നമല്ല, വാസ്തവത്തില്‍ പ്രധാന പ്രശ്‌നം ഗുണനിലവാരമുള്ള സ്ഥാപനങ്ങളുടെ അഭാവമാണ്. രാജ്യത്തിന് വൈവിധ്യമാര്‍ന്ന കഴിവുകളും അതുല്യ വ്യക്തിത്വവുമുള്ള വിദ്യാര്‍ത്ഥികളെ ആവശ്യമുണ്ട്, അത്തരം വിദ്യാര്‍ത്ഥികളെ വികസിപ്പിക്കുന്നതിന് നമ്മുടെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com