'കോൺ​ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടു, വേണമെങ്കിൽ ഒന്നിച്ചു നിൽക്കാം'- പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് തുടക്കമിട്ട് മമത

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത കോൺഗ്രസിന് വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു
മമത ബാനര്‍ജി /ഫയല്‍ ചിത്രം
മമത ബാനര്‍ജി /ഫയല്‍ ചിത്രം

കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ പുതിയ സഖ്യമുണ്ടാക്കാനുള്ള പ്രവർത്തനം സജീവമാക്കി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അവർ ശ്രമം തുടങ്ങിയിരിക്കുന്നത്. 

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത കോൺഗ്രസിന് വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു. എന്നാൽ കോൺഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാൻ കഴിയില്ലെന്നും മമത തുറന്നടിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനർജിയുടെ പരാമർശം. ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂൽ കാണിച്ചുതന്നുവെന്നും കോൺഗ്രസ് ടിഎംസിയിൽ ലയിക്കുകയും മമതാ ബാനർജിയുടെ നേതൃത്വത്തിൽ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിർന്ന ടിഎംസി നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞിരുന്നു.

എന്നാൽ തൃണമൂൽ കോൺഗ്രസിനെ ബിജെപിയുടെ ഏജന്റ് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂൽ കോൺഗ്രസാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടം അത്ര ഗൗരവകരമായി കാണുന്നുവെങ്കിൽ ടിഎംസി കോൺഗ്രസിൽ ലയിക്കുകയുമാണ് വേണ്ടതെന്നും ചൗധരി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com