ഭുവനേശ്വർ: ബിജെപി പ്രവർത്തകർക്കു നേരെ എംഎൽഎയുടെ വാഹനം ഇടിച്ചു കയറി 24 പേർക്ക് പരിക്ക്. ഒഡിഷയിലാണ് അപകടം. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഒഡിഷയിലെ ഖുർദ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
ചിലിക്ക നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ പ്രശാന്ത് ജഗ്ദേവിന്റെ കാറാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയത്. സംഭവത്തെ തുടർന്ന് ജനക്കൂട്ടം എംഎൽഎയെ മർദിച്ചു. മർദനത്തിൽ പ്രശാന്ത് ജഗ്ദേവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പഞ്ചായത്ത് അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാൻപുർ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്ദേവ് എസ്‌യുവിയുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്ദേവിന്റെ വാഹനം എത്തിയപ്പോൾ പൊലീസുകാരും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു. തുടർന്ന് എംഎൽഎ വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകമുണ്ടായത്.
വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ആളുകളെ എംഎൽഎ ഇടിച്ചിടുകയായിരുന്നുവെന്നും അപകടത്തിൽ 24 പേർക്ക് പരിക്കേറ്റെന്നും സെൻട്രൽ റേഞ്ച് ഐജി നരസിംഗ ഭോൾ പറഞ്ഞു. ബാൻപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തടിച്ചുകൂടിയ ജനക്കൂട്ടം എംഎൽഎയെ മർദിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ എംഎൽഎയെ ആദ്യം താംഗി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഭുവനേശ്വറിലേക്ക് കൊണ്ടുപോയി. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) എംഎൽഎ ആയ പ്രശാന്ത് ജഗ്ദേവിനെ ഒരു വർഷം മുൻപ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു സസ്പെൻഷൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates