സോണിയ ഗാന്ധി അധ്യക്ഷയായി തുടരും; കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല

പ്രവര്‍ത്തക സമിതി ഒരേസ്വരത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസ്യത പ്രകടിപ്പിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന്‌
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍, നേതൃമാറ്റം വേണ്ടെന്ന തീരുമാനത്തിലെത്തി. ഗാന്ധി കുടുംബത്തില്‍ വിശ്വാസമുണ്ടെന്ന് പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുക്കുകയായിരുന്നു. സംഘടന തെരഞ്ഞെടുപ്പു വരെ സോണിയ അധ്യക്ഷയായി തുടരും. 

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്നൊഴിയാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു. 

പ്രവര്‍ത്തക സമിതി ഒരേസ്വരത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസ്യത പ്രകടിപ്പിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനവിധി കോണ്‍ഗ്രസ് അംഗീകരിക്കുന്നു. ബിജെപിയുടെ ദുര്‍ഭരണം തുറന്നുകാട്ടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വലിയ തോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ ഗാന്ധി സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം നേതാക്കളുടെ ചിന്തന്‍ ശിബിരം വിളിച്ചു ചേര്‍ക്കും. - കെസി വേണുഗോപാല്‍ പറഞ്ഞു. 

എന്ത് ത്യാഗത്തിനും തയ്യാര്‍: സോണിയ 

തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം തങ്ങളാണെന്ന് ചിലര്‍ കരുതുന്നുണ്ടെന്നും പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന് സോണിയ പറഞ്ഞതായാണ് സൂചന. 

നേതൃമാറ്റം വേണമെന്നും മുതിര്‍ന്ന നേതാവായ മുകുള്‍ വാസ്‌നിക്കിനെ അധ്യക്ഷനാക്കണമെന്നും ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രവര്‍ത്തക സമിതി യോഗം തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com