

ചെന്നൈ: റഷ്യയ്‌ക്കെതിരെ പോരാടാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം അറിയിച്ചു. യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്‌സിൽ ചേർന്ന തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ സൈനികേഷ് രവിചന്ദ്രൻ (21)ആണ് നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. സൈനിക സേവനം ഉപേക്ഷിച്ച് നാട്ടിലെത്താൻ ആഗ്രഹിക്കുന്നതായി സൈനികേഷ് കുടുംബത്തെ അറിയിച്ചു.
2018ലാണ് സൈനികേഷ് യുക്രൈനിലെ ഹാർകീവ് നാഷണൽ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് എത്തിയത്. 2022 ജൂലൈയിൽ കോഴ്‌സ് തീരാനിരിക്കെയാണ് റഷ്യൻ അധിനിവേശം ഉണ്ടായത്. ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോൾ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് സൈനികേഷ് അമ്മയെ അറിയിച്ചിരുന്നു.
കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സൈനികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല. യുക്രൈനിൽ യുദ്ധം ആരംഭിച്ചതോടെ, സൈനികേഷുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്ക് സാധിച്ചില്ല. എംബസി വഴി നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. താൻ യുക്രൈൻ പാരാമിലിറ്ററി ഫോഴ്‌സിൽ ചേർന്നതായി സൈനികേഷ് അറിയിക്കുകയായിരുന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. യുദ്ധമുഖത്ത് നിൽക്കുന്ന നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates