യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെ എതിര്‍ക്കാനാവില്ല; ഹൈക്കോടതി പരിശോധിച്ചത് നാലു ചോദ്യങ്ങള്‍

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി മുഖ്യമായി നാലു ചോദ്യങ്ങളാണ് പരിഗണിച്ചത്
കര്‍ണാടക ഹൈക്കോടതി, ഫയല്‍
കര്‍ണാടക ഹൈക്കോടതി, ഫയല്‍

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി മുഖ്യമായി നാലു ചോദ്യങ്ങളാണ് പരിഗണിച്ചത്. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമാണോ എന്നകാര്യമാണ് മുഖ്യമായി ഹൈക്കോടതി പരിശോധിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി, ഇതിന് ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. 

സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധിക്കുന്നത് മൗലികവകാശങ്ങളുടെ ലംഘനമാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം.  സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികവകാശ ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ട് ഫെബ്രുവരി അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ശരിവെച്ചത്.

വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് അയോഗ്യത കല്‍പ്പിക്കാവുന്നതും ഭരണഘടനയുടെ 14,15 അനുച്ഛേദങ്ങള്‍ ഏകപക്ഷീയമായി ലംഘിക്കുന്നതുമാണോ എന്നതാണ് മറ്റൊരു ചോദ്യമായി കോടതിയുടെ മുന്നില്‍ ഉയര്‍ന്നുവന്നത്. കോളജ് അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കേസ് എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നതാണ് കോടതി നാലാമതായി പരിശോധിച്ചത്.

ഭരണഘടനയുടെ 14,15 അനുച്ഛേദങ്ങള്‍ ഏകപക്ഷീയമായി ലംഘിക്കുന്നതാണോ?

ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ്  ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് പരിഗണിച്ചത്.11ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് ഫെബ്രുവരി 25ന് വിധി പറയാന്‍ മാര്‍ച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
  
കേസില്‍ വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട് .ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com