'പരീക്ഷയുമായി കൂട്ടിക്കെട്ടേണ്ട'; ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുകൂലമായി പ്രതികരിച്ചില്ല
വിഷയം സെന്‍സേഷനലൈസ് ചെയ്യരുതെന്നും പരീക്ഷയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ്/ഫയല്‍
വിഷയം സെന്‍സേഷനലൈസ് ചെയ്യരുതെന്നും പരീക്ഷയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ്/ഫയല്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല. സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുകൂലമായി പ്രതികരിച്ചില്ല.

പരീക്ഷ അടുത്തുവരികയാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുമെന്നും കാമത്ത് അറിയിച്ചു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം സെന്‍സേഷനലൈസ് ചെയ്യരുതെന്നും പരീക്ഷയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 

നേരത്തെ വിഷയം മെന്‍ഷന്‍ ചെയ്തപ്പോള്‍ ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്‌ഡെയാണ് നേരത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നില്‍ അഭ്യര്‍ഥിച്ചത്. 

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികഅവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com