വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം; ഉടമയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂ
കര്‍ണാടക ഹൈക്കോടതി/ഫയല്‍
കര്‍ണാടക ഹൈക്കോടതി/ഫയല്‍

ബംഗളൂരു: വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതിന് ഉടയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.

2019 ഡിസംബറിലാണ് ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയത്. ജനുവരിയില്‍ പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. കേസില്‍ തന്നെയും പ്രതി ചേര്‍ത്തതിന് എതിരെ ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ 3 (രണ്ട്) ബി വകുപ്പ് അനുസരിച്ച് ഉടമയുടെ അറിവോടെ സംഘം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേസെടുക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഉടമ ഈ കെട്ടിടത്തില്‍ താമസിക്കുന്നില്ല. മറ്റൊരിടത്തു താമസിക്കുന്ന ഉടമയ്ക്ക് ഇവിടെ നടന്ന കാര്യങ്ങള്‍ അറിയണമെന്നില്ല. ഇക്കാര്യം പൊലീസ് തന്നെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉടമയ്‌ക്കെതിരെ കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗമായേ കാണാനാവൂ എന്ന് കോടതി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com