ജാതി ചിഹ്നം രേഖപ്പെടുത്തിയ റിസ്റ്റ് ബാന്‍ഡുമായി വിദ്യാര്‍ഥി സ്‌കൂളില്‍; ചോദ്യം ചെയ്ത 17കാരനെ ഇടിച്ചുകൊന്നു

തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ 17കാരന്‍ മരിച്ചു. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു ടീച്ചര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജാതി ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് ധരിച്ച് സ്‌കൂളില്‍ എത്തിയ പതിനൊന്നാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 17കാരന്‍ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസുകാരന് പിന്തുണയുമായി അതേ ക്ലാസില്‍ പഠിക്കുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ കൂടി എത്തി. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വച്ച് നടന്ന അടിപിടിയിലാണ് 17കാരന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

17കാരന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥിയാണ്. അടിപിടിയില്‍ പങ്കെടുത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ ഒരാളും പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്ന കുട്ടിയാണ്. മറ്റു രണ്ടുപേര്‍ മറ്റൊരു ജാതിയില്‍ പെട്ട വിദ്യാര്‍ഥികളാണ്.

ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റാണ് 17കാരന്‍ മരിച്ചത്. ചെവിക്കും തലയുടെ ഒരു ഭാഗത്തുമാണ് അടിയേറ്റത്. ഗുരുതരാവസ്ഥയിലായ 17കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ കുട്ടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണം കാരണം. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വിദ്യാര്‍ഥിക്ക് ആരോഗ്യനില വീണ്ടെടുക്കാന്‍ സാധിച്ചില്ല.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശക്തമായ നടപടി സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ജാതി ചിഹ്നം രേഖപ്പെടുത്തുന്ന റിസ്റ്റ് ബാന്‍ഡ് കുട്ടികള്‍ ധരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com