കുടിവെള്ളം ഉറപ്പാക്കണം; മരുന്നുകള്‍ കരുതണം, ഉഷ്ണതരംഗം: ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തുടനീളം താപനിലയും ഉഷ്ണതരംഗവും ഉയരുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: രാജ്യത്തുടനീളം താപനിലയും ഉഷ്ണതരംഗവും ഉയരുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കണം.  അവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യതക്കായി സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

സൂര്യാതപകേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി എല്ലാ ജില്ലകളിലും 'താപവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കര്‍മപദ്ധതി' മാര്‍ഗനിര്‍ദേശരേഖ പ്രചരിപ്പിക്കണം. മാര്‍ച്ച് ഒന്നു മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് (ഐ.ഡി.എസ്.പി) കീഴില്‍ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ പ്രതിദിന നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. 

ഈ പ്രതിദിന നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളുമായി (എന്‍.സി.ഡി.സി) പങ്കിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ''കേന്ദ്ര കാലാവസ്ഥ വകുപ്പും എന്‍.സി.ഡി.സിയും സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന താപ മുന്നറിയിപ്പുകള്‍ മൂന്നോ നാലോ ദിവസത്തേക്ക് ഉഷ്ണതരംഗ സാധ്യത പ്രവചിക്കുന്നു'' -കേന്ദ്ര ആഗോര്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സ്റ്റാഫ്, താഴേത്തട്ടിലുള്ള തൊഴിലാളികള്‍ എന്നിവരുടെ ബോധവത്കരണ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരണം. അവശ്യ മരുന്നുകള്‍, ഐ.വി ദ്രാവകങ്ങള്‍, ഐസ് പാക്കുകള്‍, ഒ.ആര്‍.എസ്, അവശ്യ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതക്കായി ആരോഗ്യ സൗകര്യങ്ങളുടെ തയാറെടുപ്പ് അവലോകനം ചെയ്യണം. 

എല്ലാ ആരോഗ്യ സൗകര്യങ്ങളിലും കുടിവെള്ള ലഭ്യതയും നിര്‍ണായക സ്ഥലങ്ങളില്‍ ശീതീകരണ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും ഉറപ്പാക്കണം. ശീതീകരണ ഉപകരണങ്ങളുടെ സ്ഥിരമായ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്ത വൈദ്യുതി, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, കൂള്‍/ഗ്രീന്‍ റൂഫ്, ജനല്‍ ഷേഡുകള്‍ എന്നിവയിലൂടെ അകത്ത് ചൂട് കുറക്കാനുള്ള നടപടി വേണം. മഴവെള്ള സംഭരണവും പുനരുല്‍പാദിപ്പിക്കുന്ന പ്ലാന്റുകളും ജല സ്വയംപര്യാപ്തതയ്ക്കായി പരിഗണിക്കാവുന്നതാണ് -കത്തില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com