

ന്യൂഡൽഹി: കഴിവുള്ള വിദ്യാർഥികൾക്കു പ്രവേശനപരീക്ഷ എഴുതാതെ എൻജിനീയറിങ് പ്രവേശനം അനുവദിക്കുന്നതിനുള്ള മാർഗരേഖ എഐസിടിഇ പ്രസിദ്ധീകരിച്ചു. എല്ലാ അംഗീകൃത സ്ഥാപനങ്ങളിലും രണ്ട് സൂപ്പർന്യൂമററി സീറ്റുകൾ വീതം നീക്കിവയ്ക്കാനാണു നിർദേശം. വരുന്ന അധ്യയനവർഷം മുതൽ പദ്ധതി നടപ്പിലാകും.
പ്രതിഭാശാലികളും കഴിവുറ്റവരുമായ വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും കുറഞ്ഞ മാർക്ക് നേടിയ അല്ലെങ്കിൽ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർത്ഥികളുടെ സഹജമായ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുക എന്നതുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിദ്യാർഥിയുടെ മികവു വ്യക്തമാക്കി മൂന്ന് വിദഗ്ധരുടെ ശുപാർശക്കത്തുകൾ വേണം. അതതു സ്ഥാപനങ്ങൾ തന്നെ ആദ്യം ഇത് പരിശോധിക്കും. ഇവരുടെ വിദഗ്ധ സമിതി വിലയിരുത്തിയശേഷം എഐസിടിഇക്കു സമർപ്പിക്കണം. കൗൺസിലിന്റെ വിദഗ്ധ സമിതിയാകും അഭിമുഖം നടത്തുക. അന്തിമ പട്ടിക എഐസിടിഇ പ്രസിദ്ധീകരിക്കും.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ സൂപ്പർ ന്യൂമററി സീറ്റുകളിൽ പ്രവേശനത്തിന് അർഹതയുള്ളൂ. പ്രധാന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ചവർ, സിഎസ്ഐആർ, എൻസിഇആർടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ശാസ്ത്രസാങ്കേതിക വകുപ്പ്, ഡിആർഡിഒ തുടങ്ങിയവയിൽനിന്നു ഗവേഷണ ധനസഹായം ലഭിച്ചവർ, ഗൂഗിൾ, ഐബിഎം, ടെസ്‌ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഫണ്ടിങ് ലഭിച്ചവർ, യുജിസി കെയർ–2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, പേറ്റന്റ് സ്വന്തമായുള്ളവർ, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ മൊബൈൽ ആപ്ലിക്കേഷനുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുത്തവർ എന്നിവർക്കൊക്കെ അപേക്ഷിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates