ഡല്‍ഹി തീപിടിത്തത്തില്‍ മരണം 27 ആയി; 40 ലേറെ പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th May 2022 07:06 AM |
Last Updated: 14th May 2022 07:16 AM | A+A A- |

തീ അണയ്ക്കാനുള്ള ശ്രമം/ എഎന്‍ഐ
ന്യൂഡല്‍ഹി: ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. പരിക്കേറ്റ പന്ത്രണ്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതിലേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തില്‍ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി. പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷനു സമീപമുള്ള നാലുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്.
ഒന്നാം നിലയിലെ സിസിടിവി നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ. വൈകീട്ട് നാലേമുക്കാലിനുണ്ടായ അഗ്നിബാധ രാത്രി 11 മണിയോടെയാണ് അണയ്ക്കാനായത്. കെട്ടിടത്തില്‍ ഇരുപതിലേറെ സ്വകാര്യകമ്പനി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അപകടം ഉണ്ടായ സമയത്ത് കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാന്‍ പോറന്‍സിക് പരിശോധന നടത്തും. തീപടിച്ച കെട്ടിടത്തിന് കൃത്യമായ അനുമതിയുണ്ടായിരുന്നില്ലെന്ന് അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു. കെട്ടിട ഉടമ ഒളിവിലാണ്. തീ പടര്‍ന്ന സിസിടിവി നിര്‍മ്മാണ കമ്പനി ഉടമകളായ വരുണ്‍ ഗോയല്‍, സതീഷ് ഗോയല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.
Delhi Mundka Fire | NDRF team carries out a search and rescue operation in the building that was gutted in a massive fire yesterday, May 13 pic.twitter.com/7vJDaQrhcf
— ANI (@ANI) May 14, 2022
ഈ വാർത്ത കൂടി വായിക്കാം
ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ 1.98 കിലോ സ്വര്‍ണം; 3 പേര് പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ