എസി പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് കാരണം?; 29 പേരെ കാണാനില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 01:24 PM  |  

Last Updated: 14th May 2022 01:24 PM  |   A+A-   |  

delhi_fire_new

ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹി തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം. ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്‍ഡിആര്‍എഫ് ഇന്നു നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അതുല്‍ ഗാര്‍ഗ് സൂചിപ്പിച്ചു. 

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നതായാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ 25 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു. 

അപകടസമയത്ത് മുറിയില്‍ 50 ലേറെ പേരാണ് ഉണ്ടായിരുന്നത്. ഹാള്‍ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തേക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായതായി സംശയിക്കുന്ന സിസിടിവി നിര്‍മ്മാണ കമ്പനിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ കുന്നുകൂട്ടിയിട്ടിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി സംശയിക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. 

അപകടത്തില്‍ മരിച്ചവരില്‍ കമ്പനി ഉടമകളുടെ പിതാവും ഉള്‍പ്പെടുന്നു. കമ്പനി ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരുടെ പിതാവ് അമര്‍നാഥ് ഗോയല്‍ കമ്പനിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. തീപിടിത്തമുണ്ടായതോടെ അദ്ദേഹവും അതില്‍ പെട്ടുപോകുകയായിരുന്നു. കെട്ടിട ഉടമ മനീഷ് ലാക്ര ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 

കാണാതായവരുടെ പേരുവിവരങ്ങൾ

അപകടമുണ്ടായ കെട്ടിടത്തില്‍ നിന്നും 50 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 12 പേരില്‍ 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. അപകടസ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശിച്ചു. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. 

ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി കെജരിവാള്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷനിലെ മൂന്നുനില കെട്ടിടത്തിനാണ് ഇന്നലെ വൈകീട്ട് തീപിടിത്തമുണ്ടാകുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

വിലക്കയറ്റം നേരിടാന്‍ നടപടി; ഗോതമ്പു കയറ്റുമതി നിരോധിച്ച് കേന്ദ്ര ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ