റിപ്പോര്‍ട്ട് തയ്യാറായില്ല; ഗ്യാന്‍ വാപി സര്‍വെ സമര്‍പ്പിക്കാന്‍ കൂടുതതല്‍ സമയം വേണം: അഭിഭാഷക കമ്മീഷന്‍, ശിവലിംഗമല്ലെന്ന് മസ്ജിദ് കമ്മിറ്റി

ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. പള്ളിയിലെ സര്‍വെ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ


ബനാറസ്: ഗ്യാന്‍വാപി മസ്ജിദില്‍ നടന്ന വീഡിയോ സര്‍വെയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അഭിഭാഷക കമ്മീഷന്‍. ജില്ലാ കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. 

ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. പള്ളിയിലെ സര്‍വെ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. 'കൂടുതല്‍ സമയം കോടതിയില്‍ ആവശ്യപ്പെടും. കോടതി നല്‍കുന്ന സമയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും' എന്ന് അഭിഷാക കമ്മീഷന്‍ അംഗമായ അഡ്വ. അജയ് പ്രതാപ് സിങ് പറഞ്ഞു. മെയ് പതിനാല് മുതല്‍ 16വരെയാണ് അഭിഭാഷക കമ്മീഷന്‍ വീഡിയോ സര്‍വെ നടത്തിയത്.  

അതേസമയം, സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

വീഡിയോ സര്‍വെയില്‍ പള്ളിയിലെ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നല്‍കണമെന്നുമുള്ള പരാതിക്കാരുടെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്ന് പള്ളിയുടെ ചില ഭാഗങ്ങള്‍ സീല്‍ ചെയ്യാനും സിആര്‍പിഎഫ് സുരക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.  

എന്നാല്‍ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം നിഷേധിച്ച് പള്ളി അധികൃതര്‍ രംഗത്തുവന്നു. കുളത്തിലേക്കുള്ള ജലധാരയുടെ ചില ഭാഗങ്ങളാണ് ശിവലിംഗമായി തെറ്റിദ്ധരിച്ചത് എന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. 

നിസ്‌കാരത്തിന് മുന്‍പ് ശരീരം ശുദ്ധിയാക്കാനായി വെള്ളം ശേഖരിച്ചിരിക്കുന്ന കുളത്തിലാണ് ശിവലിംഗം കണ്ടെത്തിയത് എന്നാണ് പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.  

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പള്ളിയില്‍ വീഡിയോ സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു.

2021ല്‍ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com