ഷീന ബോറ വധക്കേസ്; ഇന്ദ്രാണി മുഖർജി ജയിൽ മോചിത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 06:26 PM  |  

Last Updated: 20th May 2022 06:26 PM  |   A+A-   |  

indrani

ഫോട്ടോ: എഎൻഐ

 

മുംബൈ: മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുൻ മീഡിയ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി. ആറര വർഷത്തിന് ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്.

ഇന്ദ്രാണിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രേഖകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജയിലിൽ നിന്നു അവർക്ക് പുറത്തിറങ്ങാനായില്ല. കോടതി ഉത്തരവിട്ട രണ്ട് ലക്ഷം രൂപയ്ക്കുള്ള ക്യാഷ് ബോണ്ട് ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അവർ ഇന്ന് പുറത്തിറങ്ങിയത്. 

മുംബൈയിലെ ബൈക്കുള ജയിലിലാണ് ഇന്ദ്രാണിയെ പാർപ്പിച്ചിരുന്നത്. പുറത്തിറങ്ങിയതിന് പിന്നാലെ ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അവർ പ്രതികരിച്ചു. 

കേസിൽ 200 സാക്ഷികളെ കൂടി വിസ്തരിക്കാനിരിക്കുന്നതിനാൽ വിചാരണ നീണ്ടുപോകുമെന്നു ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച ഇന്ദ്രാണി മുഖർജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആറര വർഷത്തെ ജയിൽവാസം ദീർഘനാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളാണ് ഷീന (24). രണ്ടാം ഭർത്താവായിരുന്ന സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് 2012 ഏപ്രിലിൽ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. 2015 ഓഗസ്റ്റിൽ മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡിനടുത്തുള്ള വനത്തിൽ നിന്ന് ഷീന ബോറയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെ ഇന്ദ്രാണി മുഖർജി അറസ്റ്റിലായി.

ഗൂഢാലോചനയിൽ പങ്കാളിയായെന്ന സംശയമാണ് പീറ്റർ മുഖർജിയെ കുരുക്കിയത്. പീറ്റർ മുഖർജിയുടെ ആദ്യ ഭാര്യയിലെ മകൻ രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടർന്നാണു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ പീറ്റർ മുഖർജി 2020ൽ ജാമ്യത്തിൽ പുറത്തിറങ്ങി.

ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടർന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. രണ്ടാം ഭർത്താവായ പീറ്റർ മുഖർജിക്ക് ഉൾപ്പെടെ സഹോദരിയെന്നാണ് ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയത്.

മുംബൈയിൽ വീടു വാങ്ങി നൽകണമെന്ന് ഷീന സ്ഥിരമായി ഭീഷണപ്പെടുത്തിയതോടെ അവരെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് കരുതുന്നത്. ബാന്ദ്രയിൽ വച്ച് ഷീനയെ കൊന്ന ശേഷം മൃതദേഹം റായ്ഗഡിൽ കൊണ്ടുപോയി നശിപ്പിച്ചുവെന്നതിനു തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. എന്നാൽ ഇന്ദ്രാണി ഇതു നിഷേധിച്ചിരുന്നു. ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇന്ദ്രാണിയുടെ വാദം. 

ഈ വാർത്ത കൂടി വായിക്കാം

സിദ്ദു പട്യാല കോടതിയില്‍ കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ