ഗ്യാന്‍വാപി: കേസ് ജില്ലാ കോടതിയിലേക്കു മാറ്റി; സാധുത ആദ്യം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഗ്യാന്‍വാപി സര്‍വേയിലെ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് മെയ് പതിനേഴിന് ഇറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാ കോടതിയിലേക്കു മാറ്റി സുപ്രീം കോടതി ഉത്തരവ്. ഗ്യാന്‍വാപി പള്ളിയില്‍ അവകാശവാദം ഉന്നയിച്ചുള്ള ഹിന്ദു സംഘടനകളുടെ ഹര്‍ജിയുടെ സാധുത ആദ്യം പരിശോധിക്കണമെന്ന് ജില്ലാ ജഡ്ജിക്ക്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി.

കേസിന്റെ വൈകാരിക പ്രാധാന്യം കണക്കിലെടുത്താണ് ജില്ലാ കോടതിയിലേക്കു കൈമാറാന്‍ നിര്‍ദേശിക്കുന്നതെന്ന് സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുതിര്‍ന്ന, അനുഭവ പരിചയമുള്ള ജഡ്ജി കേസ് കേള്‍ക്കുന്നതാണ് ഉചിതം. അതിനാല്‍ കേസ് വാരാണസി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജിയില്‍നിന്നും ജില്ലാ ജഡ്ജിയിലേക്കു മാറ്റുന്നു. പള്ളിയില്‍ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജിയുടെ സാധുത ചോദ്യം ചെയ്തുള്ള, മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കണം- ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി പറഞ്ഞു.

ഗ്യാന്‍വാപി സര്‍വേയിലെ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് മെയ് പതിനേഴിന് ഇറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഭാഗം സംരക്ഷിക്കാനും എന്നാല്‍ മുസ്ലിംകളുടെ ആരാധനയ്ക്ക് ഒരു ഭംഗവും വരുത്തരുതെന്നും മെയ് 17ലെ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്നതിന് ഉചിതമായ സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

്ഗ്യാന്‍വാപി സര്‍വേയ്ക്ക് അനുമതി നല്‍കിയുള്ള സിവില്‍ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് വീണ്ടും അവധിക്കു ശേഷം പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com