റെയില്‍വേ ട്രാക്ക് വീടാക്കി 500 കുടുംബങ്ങള്‍; ജനങ്ങളുടെ കൂട്ട പലായനം; അസമില്‍ സര്‍വനാശം വിതച്ച് പ്രളയം

343 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 8,67,772 പേര്‍ അഭയം പ്രാപിച്ചു. പ്രളയബാധിത മേഖലകളില്‍ നിന്ന് 21,884 പേരെ സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്ന് ഒഴിപ്പിച്ചു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഗുവാഹത്തി: അസമില്‍ സര്‍വനാശം വിതച്ച് പ്രളയം. 28 ജില്ലകളിലായി 2,585 ഗ്രാമങ്ങളിലെ എട്ട് ലക്ഷത്തോളം പേരാണ് പ്രകൃതി ദുരന്തത്തിന്റെ ഇരകളായത്. പ്രളയം രൂക്ഷമായതോടെ സുരക്ഷിത സ്ഥാനം തേടി ജനങ്ങള്‍ പലായനം ചെയ്യുകയാണ്.

343 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 8,67,772 പേര്‍ അഭയം പ്രാപിച്ചു. പ്രളയബാധിത മേഖലകളില്‍ നിന്ന് 21,884 പേരെ സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്ന് ഒഴിപ്പിച്ചു.

അസമിലെ ജമുനാമുഖ് ജില്ലയില്‍ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ റെയില്‍വേ പാളത്തില്‍ അഭയം തേടി. പ്രളയ ജലം മുക്കാത്ത ഒരേയൊരു ഉയര്‍ന്ന പ്രദേശമായതിനാലാണ് ഇവര്‍ റെയില്‍വേ ട്രാക്കുകളില്‍ അഭയം പ്രാപിച്ചത്. 

ചാങ്ജുറായ്, പാട്യ പതാര്‍ ഗ്രാമത്തിലുള്ളവര്‍ക്ക് സകലതും നഷ്ടപ്പെട്ട അവസ്ഥയാണ്. ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളില്‍ താത്കാലിക അഭയം പ്രാപിച്ച ഗ്രാമവാസികള്‍, സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയില്ലെന്നു കുറ്റപ്പെടുത്തി. 

'കുറച്ചു ദിവസം ഞങ്ങള്‍ തുറന്ന സ്ഥലത്തു താമസിച്ചു. പിന്നീട് എവിടെ നിന്നൊക്കെയോ പണം കണ്ടെത്തി ഒരു ടാര്‍പോളിന്‍ ഷീറ്റു വാങ്ങി. ഇപ്പോള്‍ ഞങ്ങള്‍ അഞ്ച് കുടുംബങ്ങള്‍ ഒരു ഷീറ്റിനു കീഴിലാണ് കഴിച്ചൂകൂട്ടുന്നത്. ഒരു സ്വകാര്യതയും ഇല്ല'- മോന്‍വാരാ ബീഗം പറയുന്നു. 

കൃഷിയിടങ്ങളെല്ലാം പ്രളയത്തില്‍ നശിച്ചതിനാല്‍ ഗ്രാമവാസികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമത്തിലാണ്. കുടിക്കാന്‍ ശുദ്ധമായ വെള്ളം ലഭിക്കുന്നില്ലെന്നും ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

'നാല് ദിവസത്തിനു ശേഷം ഇന്നലെയാണ് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചത്. കുറച്ച് അരിയും ദാലും എണ്ണയും നല്‍കി. എന്നാല്‍ ചിലര്‍ക്ക് അതുപോലും ലഭിച്ചിട്ടില്ല'- നസീബുര്‍ റഹ്മാന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com