മോദിയെ സ്വീകരിക്കാതെ കെസിആര്‍ ബെംഗളൂരുവില്‍; ദേവഗൗഡയുമായി കൂടിക്കാഴ്ച, വാക്‌പ്പോര്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരബാദില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ ബെംഗളൂരുവിലേക്ക് പറന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു
കെസിആര്‍ ദേവഗൗഡയെ സന്ദര്‍ശിക്കുന്നു,മോദി ഹൈദരാബാദില്‍
കെസിആര്‍ ദേവഗൗഡയെ സന്ദര്‍ശിക്കുന്നു,മോദി ഹൈദരാബാദില്‍

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരബാദില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ ബെംഗളൂരുവിലേക്ക് പറന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഇരുപതാം വാര്‍ഷിക ആഘോഷം ഹൈദരാബാദില്‍ പ്രധാനമന്ത്രി ഉദ്ഘാടന ചെയ്ത സമയത്ത് കെസിആര്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തി. 

തന്റെ പ്രസംഗത്തില്‍ കെസിആറിനെ രൂക്ഷ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. താന്‍ സയന്‍സിലാണ് വിശ്വസിക്കുന്നതെന്നും അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. 

'ഞാന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. അതേപോലെ സന്യാസിയായിട്ടും അന്ധവിശ്വാസത്തില്‍ വിശ്വസിക്കാത്ത യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത്തരം അന്ധവിശ്വാസികളില്‍നിന്ന് തെലങ്കാനയെ രക്ഷിക്കേണ്ടതുണ്ട്' - മോദി പറഞ്ഞു. 

തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കെസിആര്‍ വീടിന്റെ വാസ്തു ശരിയാക്കാനായി മതപരമായ ചടങ്ങുകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. വാസ്തു അനുസരിച്ച് 50 കോടിയുടെ പുതിയ വീട്ടിലേക്ക് കെസിആര്‍ മാറിയതും വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. 

ബീഗംപേട്ട് വിമാനത്താവളത്തിനു പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവ കുടുംബാധിപത്യം യുവാക്കളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റുമെന്നും അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് 21ാം നൂറ്റാണ്ടാണ് കുടുംബാധിപത്യ രാഷ്ട്രീയത്തെ തെലങ്കാനയില്‍നിന്നുകൂടി തുടച്ചുമാറ്റണം.എവിടുന്നൊക്കെ കുടുംബാധിപത്യ രാഷ്ട്രീയം മാറ്റിയിട്ടുണ്ടോ അവിടെയൊക്കെ വികസനവും വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്, മോദി പറഞ്ഞു.

അതേസമയം, കുടുംബവാഴ്ചയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി തെലങ്കാന രാഷ്ട്ര സമിതി രംഗത്തെത്തി. കുടുംബവാഴ്ചയെക്കുറിച്ച് പറയുന്ന മോദി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ തലപ്പത്ത് എത്തിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് ടിആര്‍എസ് വക്താവ് കൃഷാങ്ക് മന്നെ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കാന്‍ ജയ് ഷായ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്നും കൃഷാങ്ക് ചോദിച്ചു. 

കെസിആറും പ്രധാനമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തി. 'ഇന്ത്യന്‍ സാമ്പത്തിക മേഖല പ്രതിദിനം തകരുകയാണ്. ജിഡിപി താഴേക്കാണ്. രാജ്യം മാറേണ്ടതുണ്ട്. അത് ഉറപ്പായും മാറും'-കെസിആര്‍ പറഞ്ഞു. 

കെസിആറിന്റെ മൂന്നാം മുന്നണി നീക്കത്തില്‍ സഹകരിക്കുമെന്ന സൂചയനാണ് ചര്‍ച്ചയ്ക്ക് ശേഷം ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി നല്‍കിയത്. മാറ്റത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചന്ദ്രശേഖര റാവുവും കുമാരസ്വാമിയും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com