'ദക്ഷിണേന്ത്യയില്‍ സുപ്രധാന പദവി', എഎപിക്ക് നല്‍കിയത് കോടികള്‍; ആരോപണവുമായി സുകാഷ് ചന്ദ്രശേഖര്‍, നിഷേധിച്ച് കെജരിവാള്‍

ആം ആദ്മി പാര്‍ട്ടിക്ക്  കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍
സുകാഷ് ചന്ദ്രശേഖര്‍
സുകാഷ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക്  കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍. തിഹാര്‍ ജയിലില്‍ തന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദര്‍ ജെയിന് 10 കോടി രൂപ ഉള്‍പ്പെടെ എഎപിക്കു പണം നല്‍കിയെന്ന് സുകാഷ് വെളിപ്പെടുത്തി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലാണ് സുകാഷിന്റെ വെളിപ്പെടുത്തലുള്ളത്. 

ദക്ഷിനേന്ത്യയില്‍ എഎപി തനിക്ക് സുപ്രധാന പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെ 50കോടി നല്‍കിയെന്നും സുകാഷിന്റെ കത്തില്‍ പറയുന്നു. ജയിലില്‍ വച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സുരക്ഷയ്ക്കായി സത്യേന്ദര്‍ ജെയിന് പണം നല്‍കിയെന്നുമാണ് സുകാഷ് കത്തില്‍ ആരോപിക്കുന്നത്. ഉന്നത വ്യക്തികളില്‍നിന്നു പണം തട്ടിയ കേസില്‍ 2017 മുതല്‍ സുകാഷ് ചന്ദ്രശേഖര്‍ ജയിലിലാണ്.

കത്ത് ഗവര്‍ണര്‍ തുടര്‍ നടപടിക്കായി ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് അയച്ചതായാണ് വിവരം. അതേസമയം, സുകാഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. 'ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണ്. മോര്‍ബിയില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. ബിജെപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇത്തവണ ആം ആദ്മി പാര്‍ട്ടി കാരണം അവര്‍ ബുദ്ധിമുട്ടുകയാണ്. സത്യേന്ദര്‍ ജെയിനിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച അവര്‍ നിരാശരാണ്'– കെജരിവാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com