ഗുജറാത്തില്‍ രണ്ടുഘട്ട വോട്ടെടുപ്പ്; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 12:35 PM  |  

Last Updated: 03rd November 2022 12:53 PM  |   A+A-   |  

rajiv_kumar_CEC

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

 

ന്യൂഡല്‍ഹി:  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 

അടുത്ത വര്‍ഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഹിമാചലിലെ വോട്ടെണ്ണല്‍. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തുക ലക്ഷ്യമിട്ട്, ഡിസംബര്‍ എട്ടിന് മുമ്പായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടക്കുമെന്നാണ് സൂചന.

ഒന്നാംഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലും 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. വിജ്ഞാപനം നവംബര്‍ അഞ്ചാം തീയതി പുറത്തിറക്കും. രണ്ടാംഘട്ട വിജ്ഞാപനം പത്താം തീയതി പുറത്തിറക്കും. ആദ്യഘട്ടവോട്ടെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 14ഉം രണ്ടാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നവംബര്‍ 17ഉം ആണ്. 

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. മുന്‍തൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.

കഴിഞ്ഞ തവണ 182 സീറ്റുകളില്‍ 111 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയണം. ഇത്തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് ചില സര്‍വെകള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചെങ്കോട്ട ആക്രമണ കേസ്: ലഷ്‌കര്‍ ഭീകരന് തൂക്കുകയര്‍ തന്നെ, പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ