രണ്ട് കോടി അനുവദിച്ചു, ചെലവിട്ടത് 12 ലക്ഷം മാത്രം; മോർബി തൂക്കുപാലം അറ്റകുറ്റപ്പണിയിൽ വൻ തട്ടിപ്പ്

ക്ലോക്കുകളുടെയും ഇലക്ട്രിക്കൽ ഉത്പന്നങ്ങളുടെയും നിർമാതാക്കളായ ഒറിവ ഗ്രൂപ്പ് ആണ് പാലത്തിന്റെ അറ്റകുറ്റപ്പണിയും 15 വർഷത്തേക്ക് നടത്തിപ്പും കരാറെടുത്തിരുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

അഹമ്മദാബാദ്: ​ഗുജറാത്തിലെ മോർബിയിൽ തകർന്നു വീണ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിൽ വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. പാലം തകർന്നു വീണ് 135 പേർക്ക് ജീവൻ നഷ്ടമായിരുന്നു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ കരാറെടുത്ത കമ്പനി 12 ലക്ഷം രൂപ മാത്രമാണ് ആകെ ചെലവഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.  നിർമാണ മേഖലയിൽ മുൻപരിചയം തെളിയിച്ചിട്ടില്ലാത്ത കമ്പനിക്കു പാലം പണി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

ക്ലോക്കുകളുടെയും ഇലക്ട്രിക്കൽ ഉത്പന്നങ്ങളുടെയും നിർമാതാക്കളായ ഒറിവ ഗ്രൂപ്പ് ആണ് പാലത്തിന്റെ അറ്റകുറ്റപ്പണിയും 15 വർഷത്തേക്ക് നടത്തിപ്പും കരാറെടുത്തിരുന്നത്. എന്നാൽ പാലം ബലപ്പെടുത്താനുള്ള പ്രവൃത്തികൾക്കു പകരം നടന്നത് മോടിപിടിപ്പിക്കൽ മാത്രമാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

ഏഴ് മാസമായി അടച്ചിട്ട പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ചാണ് ഒക്ബോർ 26നാണ് തുറന്നു കൊടുത്തത്. ഉദ്ഘാടനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു. 10 വർഷം വരെ പാലത്തിനു കുഴപ്പമുണ്ടാകില്ലെന്നാണ് ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കരാറുകാർ ഉറപ്പു നൽകിയത്.

അതേസമയം, കൂടുതൽ പേർ കയറിയതാണ് പാലം തകരാൻ കാരണമെന്നാണ് ഒറിവ ഗ്രൂപ്പിന്റെ ആരോപണം. ദുരന്തം നടക്കുമ്പോൾ പാലത്തിൽ 400 ലേറെ പേരു‌ണ്ടായിരുന്നു. പാലത്തിലേക്ക് പ്രവേശിക്കാൻ അഞ്ഞൂറോളം ടിക്കറ്റുകൾ നൽകിയിരുന്നതായി ബിജെപി കൗൺസിലർ പറഞ്ഞു. നേരത്തെ പാലത്തിന്റെ നടത്തിപ്പ് മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ ആയിരുന്നപ്പോൾ ഒരേസമയം പരമാവധി 20 പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com