'സംവരണം പുനപ്പരിശോധിക്കണം, അനന്തമായി തുടരാനാവില്ല'; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍

മണ്ഡല്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി
സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  സ്വതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വര്‍ഷത്തിനിപ്പുറം ഭരണഘടനാ തത്വങ്ങളിലെ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് സംവരണത്തില്‍ പുനപ്പരിശോധന വേണ്ടതുണ്ടെന്ന്, സാമ്പത്തിക സംവരണം ശരിവച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി. സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും വ്യത്യസ്ത വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കല്‍പ്പത്തിലേക്കു നയിച്ചതെന്ന് ജസ്റ്റ്‌സി ബേല എം ത്രിവേദി വിധിന്യായത്തില്‍ പറഞ്ഞു. പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തുല്യാവസരം സൃഷ്ടിക്കലായിരുന്നു അതിലൂുടെ ലക്ഷ്യമിട്ടത്. എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരണഘടനാ തത്വങ്ങളുടെ പരിവര്‍ത്തനത്തിന് അനുസരിച്ച് സംവരണത്തില്‍ പുനപ്പരിശോധന വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു. സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണത്തിന് അര്‍ഹരായ പ്രത്യേക വിഭാഗത്തെ കണ്ടെത്തിയത് യുക്തിഭദ്രമാണെന്ന് ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ജനങ്ങളുടെ ആവശ്യം അറിഞ്ഞാണ് നിയമ നിര്‍മാതാക്കള്‍ ഇത്തരമൊരു നടപടിയെടുത്തതെന്നും ജസ്റ്റിസ് ത്രിവേദി അഭിപ്രായപ്പെട്ടു.

സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് ജസ്റ്റിസ് ജെബി പര്‍ദിവാല പറഞ്ഞു. സംവരണാനുകൂല്യങ്ങള്‍ നേടി മൂന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തില്‍നിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയര്‍ത്താനാവും. പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള രീതിയില്‍ കാലത്തിന് അനുസരിച്ചുള്ള പുനപ്പരിശോധന വേണം. സംവരണം അനന്തമായി തുടര്‍ന്നുപോവാനാവില്ല, അങ്ങനെയാവുമ്പോള്‍ അതില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ വന്നുചേരുമെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു ഉപകരണമാണ് സംവരണം. അവശരെക്കൂടി ചേര്‍ത്തുപിടിക്കുക എന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നത്. അത് സാമ്പത്തിക അടിസ്ഥാനത്തില്‍ ആവുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാവില്ല. മണ്ഡല്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി ചൂണ്ടിക്കാട്ടി.

3-2 ഭൂരിപക്ഷ വിധിയിലൂടെയാണ്, മുന്നാക്ക സംവരണം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണത്തിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കി ഉത്തരവു പുറപ്പെടുവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com