കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ജമേഷ മുബിന്‍
ജമേഷ മുബിന്‍

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ പ്രഹരശേഷി കൂട്ടാന്‍ ജമേഷ മുബിന്‍ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞു കയറിയ ആണികളൊന്നാണ് ഹൃദയത്തില്‍ തറച്ചത്. ഒട്ടേറെ ആണികള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടനത്തില്‍ ജമേഷ മുബിന് ദേഹത്തൊട്ടാകെ  കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല. 

23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വന്‍ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കിടന്നിരുന്നത്.

അതിനിടെ, കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസ് പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഐഎസ് ചാവേര്‍ ആക്രമണങ്ങളുടേതടക്കം 100 വിഡിയോ ക്ലിപ്പുകളാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടിച്ചെടുത്തത്. ജമേഷ മുബിന്റെ സുഹൃത്തും മറ്റൊരു ഐഎസ് കേസിലെ പ്രതിയുമായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടില്‍ നിന്നാണു വിഡിയോകളടങ്ങിയ പെന്‍ഡ്രൈവ് കണ്ടെത്തിയത്. ഇവയില്‍ 40 എണ്ണം ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷ്മിയുടെ പ്രഭാഷണങ്ങളാണ്. 15 എണ്ണം വീതം ഐഎസ് ആക്രമണങ്ങളുടേതും വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടേതുമാണെന്ന് എന്‍ഐഎ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com