പുള്ളിപ്പുലി ഭീഷണി; മൈസൂരു വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൈസൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കര്‍ണാടക ശ്രീരംഗപട്ടണയിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ച്ചയായ മൂന്നുദിവസങ്ങളില്‍ ഉദ്യാനത്തില്‍ പുലിയെത്തി. പുലിയെ ആദ്യം കണ്ടദിവസംമുതല്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തുകയും നാല് കെണികള്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.

ഒന്നിലധികം പുലികള്‍ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. ഉദ്യാനത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പതിഞ്ഞ പുലിയുടെ ചിത്രങ്ങള്‍ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. 

മലയാളികളുള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നയിടമാണ് കൃഷ്ണരാജസാഗര്‍ അണക്കെട്ടിനോടുചേര്‍ന്നുള്ള വൃന്ദാവന്‍ ഉദ്യാനം. ഏറ്റവുമൊടുവില്‍ ഈമാസം ഏഴിന് ഉദ്യാനത്തിലെത്തിയ പുലി ഒരു തെരുവുനായയെ ആക്രമിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com