ഗ്യാന്‍വാപി കേസ്; ശിവലിം​ഗം സംരക്ഷിക്കണം; ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 07:35 PM  |  

Last Updated: 11th November 2022 07:35 PM  |   A+A-   |  

Gyanvapi Mosque

​ഗ്യാൻവാപി മസ്ജിദ്/ ട്വിറ്റർ

 

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീം കോടതി. കേസില്‍ മറ്റ് ഉത്തരവുകള്‍ വരുന്നത് വരെ പള്ളിയില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. അനിശ്ചിത കാലത്തേക്ക് കാലാവധി നീട്ടിയതായി പരമോന്നത കോടതിയുടെ ഉത്തരവിൽ പറയുന്നു. നിലവിലെ സാഹചര്യം ഹിന്ദു, മുസ്ലീം സംഘടനകള്‍ അംഗീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

കഴിഞ്ഞ മെയ് മാസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വെച്ച് സീല്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ വാരാണസി ജില്ലാ കോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ കാലാവധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ, വിശ്വാസികള്‍ ശുദ്ധി നടത്തുന്ന കുളത്തിലെ വെള്ളം വറ്റിച്ചപ്പോള്‍ 12 അടി ഉയരമുള്ള ശിവലിംഗം കണ്ടെത്തിയായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കുളത്തില്‍ നിന്ന് ലഭിച്ചത് ശിവലിംഗം അല്ലെന്നാണ് എതിര്‍ഭാ​ഗം പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

പതഞ്ജലിയുടെ മരുന്നുകള്‍ക്കു വിലക്ക്; നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ