സാക്കിര്‍ നായിക്കിന് ഖത്തറില്‍ ക്ഷണം; ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം 

വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി. സര്‍ക്കാര്‍, ഫുട്‌ബോള്‍ അസോസിയേഷനുകള്‍, കളി കാണാന്‍ ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ എന്നിവരോട് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ബിജെപി വക്താവ് സാവിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് രാജ്യം വിട്ട സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണം നടത്താനാണ് ഖത്തര്‍ ക്ഷണിച്ചത്. ലോകം ഭീകരതയ്‌ക്കെതിരെ പോരാടുമ്പോള്‍ സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നത് ഭീകരതയെ പിന്തുണയ്ക്കുന്നയാള്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം നല്‍കുന്നതിന് സമമാണെന്ന് സാവിയോ റോഡ്രിഗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലോകകപ്പ് ഒരു ആഗോള പരിപാടിയാണ്. ലോകമൊട്ടാകെയുള്ള ജനങ്ങള്‍  ടിവി, ഇന്റര്‍നെറ്റ് എന്നിവ വഴി ഈ കായിക മാമാങ്കം കണ്ടുവരികയാണ്. ലോകം ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്ന വേളയിലാണ് സാക്കിര്‍ നായിക്കിന് വിദ്വേഷവും മതമൗലികവാദവും പ്രചരിപ്പിക്കുന്നതിന് വേദി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ നിയമം അനുസരിച്ച് സാക്കിര്‍ നായിക്ക്  പിടികിട്ടാപ്പുള്ളിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രചാരണം എന്നിവയില്‍ ഇയാള്‍ക്കെതിരെ രാജ്യത്ത് കേസുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്നയാളാണ് സാക്കിര്‍ നായിക്ക്. വാസ്തവത്തില്‍ ഭീകരന് താഴെയല്ല സാക്കിര്‍ നായിക്ക്. ബിന്‍ ലാദനെ വരെ പ്രത്യക്ഷമായി പിന്തുണച്ചയാളാണ്. ഇന്ത്യയില്‍ ഇസ്ലാമിക മതമൗലികവാദവും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്ക് പങ്കുവഹിച്ചിട്ടുണ്ടെന്നും സാവിയോ റോഡ്രിഗസ് ആരോപിച്ചു.

നേരത്തെ, വിവിധ മതവിഭാഗങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമിടയില്‍ ശത്രുത, വിദ്വേഷം എന്നിവ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് സംഘടനയെ വിലക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com