'മുസ്ലിംകള്‍ക്കിയിലെ ബഹു ഭാര്യാത്വം ഭരണഘടനാ വിരുദ്ധം'; സുപ്രീം കോടതിയില്‍ ഹര്‍ജി, പുതിയ ഭരണഘടനാ ബെഞ്ച് ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 12:22 PM  |  

Last Updated: 24th November 2022 12:22 PM  |   A+A-   |  

supreme_court

സുപ്രീം കോടതി /ഫയല്‍

 

ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനസ്സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.

ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച എട്ടു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എംഎം സുന്ദരേശ്, സുധാംശു ധുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇതു പരിഗണിച്ചത്. കേസില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാനും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ബെഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും വിരമിച്ചതായി, ഹര്‍ജിക്കാരനായ അശ്വിനികുമാര്‍ ഉപാധ്യായ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനു മുമ്പാകെ ശ്രദ്ധയില്‍ പെടുത്തി. ഇതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാണ് ഹര്‍ജി. തലാഖ് ചെയ്ത ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കാന്‍ മറ്റൊരാളെ വിവാഹം കഴിച്ച് വിവാഹ മോചനം നേടുന്ന ആചാരമാണ് നിക്കാഹ് ഹലാല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മിന്നല്‍ വേഗം, ഇതെന്തു തരം വിലയിരുത്തല്‍?'; അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ