സുപ്രീം കോടതി ജഡ്ജി 'ഭീകരൻ', അപേക്ഷയിൽ പരാമർശം; ഹർജിക്കാരന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:40 PM  |  

Last Updated: 25th November 2022 09:40 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി /ഫയല്‍

 

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച ഹർജിക്കാരന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂ‍ഡിന്റെ നിർദ്ദേശം. ഹര്‍ജി അടിയന്തരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഹർജിക്കാരൻ ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ചത്. 

ക്രിമിനല്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന് നോട്ടീസ് നൽകാൻ പരമോന്നത കോടതി നിർദ്ദേശിച്ചത്. നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. 

ഹര്‍ജിക്കാരന്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും മാപ്പപേക്ഷ പരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഹിമ കോഹ്‌ലിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. മാപ്പ് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ഹർജിക്കാരനോട് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഹര്‍ജിക്കാരനെ സ്വയം കേസ് വാദിക്കാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. 

ജഡ്ജിയെ ഭീകരവാദി എന്നാക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രീം കോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയെ ആണ് നിങ്ങള്‍ അധിക്ഷേപിച്ചത്. അദ്ദേഹം നിങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള ആളുമാണ്. അതു കൊണ്ടാണോ ഇത്തരത്തില്‍ അധിക്ഷേപിച്ചത് എന്നും കോടതി ചോദിച്ചു. 

കോവിഡ് കാലമായതു കൊണ്ട് താന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു എന്നാണ് ഹര്‍ജിക്കാരൻ മറുപടി നൽകിയത്. തന്റെ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് 2021 മാര്‍ച്ചിലും ജൂലൈയിലും അപേക്ഷ നല്‍കിയെന്നും ഹർജിക്കാരൻ പറഞ്ഞു.

രണ്ട് അപേക്ഷയിലും ഇതേ അധിക്ഷേപം ഉണ്ടായിരുന്നല്ലോ എന്ന് കോടതി ഹർജിക്കാരനോട് തിരികെ ചോദിച്ചു. പിന്നാലെയാണ് അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്ന ആവശ്യം തള്ളിയാണ് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവശ്യപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ