'അതത്ര ഗൗരവമുള്ളതല്ല; രാവണന്‍ എന്നു വിളിക്കുമ്പോള്‍ കുഴപ്പമില്ലല്ലോ'; മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കസബിനോട് ഉപമിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി അജ്മല്‍ കസബിനോട് ഉപമിച്ചതില്‍ അധ്യാപകന്റെ നടപടി ഗൗരവമുള്ളതല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


ബെംഗളൂരു: മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി അജ്മല്‍ കസബിനോട് ഉപമിച്ചതില്‍ അധ്യാപകന്റെ നടപടി ഗൗരവമുള്ളതല്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള പേരുകള്‍ ഉദാഹരണമായി പ്രയോഗിക്കുമ്പോള്‍ ദേശീയ വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും രാവണന്‍, ശകുനി പോലുള്ള പേരുകള്‍ സ്ഥിരം പ്രയോഗിക്കുമ്പോള്‍ പ്രശ്‌നമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു. അധ്യാപകന്‍ ഒരിക്കലും ആ പേര് പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ അതൊരു ഗൗരവമുള്ള വിഷയമായി തോന്നുന്നില്ല. കാരണം, രാവണന്‍, ശകുനി പോലുള്ള പേരുകള്‍ ധാരാളമായി വിദ്യാര്‍ത്ഥികളെ വിളിക്കാറുണ്ട്. അതൊന്നും പക്ഷേ ഒരു ദേശീയ വിഷയമായി മാറാറില്ല'-മന്ത്രി പറഞ്ഞു. 

'എന്തുകൊണ്ടാണ് ഒരു പ്രത്യേക മതത്തില്‍പ്പെട്ടയാളുടെ പേര് മാത്രം വിഷയം ആകുന്നത് എന്നറിയില്ല. വിഷയം ഗൗരവമായി എടുക്കുകയും അധ്യാപകന് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടാണ് ചില പേരുകള്‍ ദേശീയ പ്രശ്‌നമായി മാറുന്നത്. എനിക്ക് മനസ്സിലാകുന്നില്ല'- മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിന്റെ പേരിനോട് ഉപമിച്ചതാണ് വിവാദമായത്. ക്ലാസ് എടുക്കുന്നതിനിടെ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ അജ്മല്‍ കസബിന്റെ പേര് വിളിച്ചാണ് സംബോധന ചെയ്തത്. അധ്യാപകന്റെ പെരുമാറ്റം വിദ്യാര്‍ത്ഥി ചോദ്യം ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. 

'നിങ്ങള്‍ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ. ഒരു തീവ്രവാദി എന്ന് നിങ്ങള്‍ അവനെ വിളിക്കുമോ' എന്ന് വിദ്യാര്‍ത്ഥി തിരിച്ച് അധ്യാപകനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ പ്രതികരണത്തിന് പിന്നാലെ അധ്യാപകന്‍ ക്ഷമാപണം നടത്തി. എന്നാല്‍ ക്ഷമ പറഞ്ഞതു കൊണ്ടു മാത്രം നിങ്ങളുടെ ഉള്ളിലെ ചിന്താഗതിയും വ്യക്തിത്വവും മാറാന്‍ പോകുന്നില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

കഴിഞ്ഞദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണന്‍ ആണോയെന്ന് ചോദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കി വോട്ട് ചെയ്യാനാണ് മോദി പറയുന്നത്. അതിന് മോദിക്ക് രാവണനെ പോലെ പത്ത് തലകള്‍ ഉണ്ടോയെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com