'പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ'- ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടു ജോലിക്കാരൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th October 2022 01:00 PM |
Last Updated: 04th October 2022 01:00 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയെ കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന്‍ യാസിര്‍ അഹമ്മദ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയാണ് ലോഹിയയെ ജമ്മുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ ശാഖയായ പിഎഎഫ്എഫ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടു ജോലിക്കാരൻ പിടിയിലായത്. അതേസമയം സംഭവത്തിൽ ഇതുവരെ ഭീകരബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ സംഭവത്തിന് ശേഷം കാണാതായ യാസിറിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അതിനിടെ ഇയാളുടെ സ്വകാര്യ ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. വിഷാദപൂര്‍ണമായ മാനസികാവസ്ഥയും മരണത്തോട് അഭിനിവേശവും പ്രകടിപ്പിക്കുന്നതാണ് ഡയറിയിലെ എഴുത്തുകളെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
രാംബാണ്‍ സ്വദേശിയായ യാസിര്‍, ലോഹിയയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചിട്ട് ആറ് മാസം ആയെന്നാണ് വിവരം. യാസിറിന്റേത് അക്രമാസക്തമായ പെരുമാറ്റം ആയിരുന്നെന്നും വിഷാദത്തിന് കീഴ്‌പ്പെട്ടിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊല നടത്തിയ ശേഷം ഇയാൾ ഓടിപ്പോകുന്നത് കാണാമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തീവ്രവാദ ബന്ധം സംബന്ധിച്ച തെളിവുകളില്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ എന്നാണ് ഒരു താളില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു താളില്‍ ആകട്ടെ, എന്നോട് ക്ഷമിക്കൂ. എനിക്ക് മോശം ദിവസവും ആഴ്ചയും മാസവും വര്‍ഷവും ജീവിതവുമാണ് എന്നാണ് എഴുതിയിരിക്കുന്നത്. ഹിന്ദിയിലുള്ള പാട്ടുകളും യാസിറിന്റെ ഡയറിയിലുണ്ട്. ഭുലാ ദേനാ മുച്ഛേ (എന്നെ മറക്കൂ ) എന്ന പാട്ടാണ് അതിലൊന്ന്. ചെറുവാക്യങ്ങളും കുറിപ്പുകളാണ് മറ്റു താളുകളില്‍ ഉള്ളത്.
എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു, ജീവിതം വെറും ദുഃഖമാണ് എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. മെ ലൈഫ് 1ശതമാനം എന്നെഴുതിയ ഫോണ്‍ ബാറ്ററിയുടെ ചിത്രവും വരച്ചിട്ടുണ്ട്. ലവ് പൂജ്യം ശതമാനം, ടെന്‍ഷന്‍ 90 ശതമാനം, ദുഃഖം 99ശതമാനം, കപടമായ ചിരി 100 ശതമാനം എന്നും ഡയറയില്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഭാവിയില്‍ എന്ത് സംഭവിച്ചേക്കും എന്നതാണ് പ്രശ്‌നമെന്ന് തീയതി ചേര്‍ക്കാത്ത ഒരു കുറിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ