തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും?; രാഷ്ട്രീയപാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് 
പ്രകടനപത്രികയിലും പ്രചാരണത്തിലും മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെങ്ങനെ, അതിനുള്ള സാമ്പത്തികം കണ്ടെത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതുസംബന്ധിച്ച ആധികാരിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കത്തുനല്‍കി. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കാനാവശ്യമായ തുകയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാണ് നിര്‍ദേശത്തിലെ പ്രധാനപ്പെട്ട കാര്യം. 

ഉദാഹരണത്തിന് കാര്‍ഷിക ലോണ്‍ എഴുതി തള്ളുന്നത് പോലുള്ള വാഗ്ദാനമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി നല്‍കുന്നതെങ്കില്‍ എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിക്കുമോ, ഇതിനായി എത്ര തുക വേണ്ടി വരും. ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരിക എന്നിവ സംബന്ധിച്ച വിശദാംശങ്ങളും നല്‍കണം. 

വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കപ്പെടുമെന്ന് അറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നത് കൂടി പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്നാണ് മുന്‍പ് കോടതി അഭിപ്രായപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com