'ലോകത്ത് ഒരിടത്തുമില്ലാത്ത രീതി'; കൊളീജിയം സംവിധാനം സുതാര്യതയില്ലാത്തതെന്ന് നിയമ മന്ത്രി

ജുഡീഷ്യറിക്ക് ഉത്തരവുകള്‍ നല്‍കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ അവര്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
കിരണ്‍ റിജിജു/ഫയല്‍ ചിത്രം
കിരണ്‍ റിജിജു/ഫയല്‍ ചിത്രം

അഹമ്മദാബാദ്: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം സുതാര്യതയില്ലാത്തതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ജുഡീഷ്യറിയില്‍ ആഭ്യന്തര രാഷ്ട്രീയം ഉണ്ടെന്നും റിജിജു പറഞ്ഞു. ആര്‍എസ്എസ് മുഖമാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ജനാധിപത്യത്തിനു മൂന്നു തൂണുകളുണ്ട്, ലെജിസ്ലേച്ചറും എക്‌സിക്യൂട്ടിവും ജുഡീഷ്യറിയും. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടിവും ചുമതലകളില്‍നിന്നു വ്യതിചലിക്കുമ്പോള്‍ ജുഡീഷ്യറി അതിനെ തിരുത്തുന്നു. എന്നാല്‍ ജുഡീഷ്യറിയെ ആരു തിരുത്തും? അതിനൊരു സംവിധാനമില്ല. 

ജുഡീഷ്യല്‍ നിയമനത്തിനു കമ്മിഷന്‍ കൊണ്ടുവന്നപ്പോള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും കോടതി അതു റദ്ദാക്കുകയും ചെയ്തു. ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വരുന്നതാണ് ജുഡീഷ്യല്‍ ആക്ടിവിസം. പല ജഡ്ജിമാരും ഒരുപാടു നിരീക്ഷണങ്ങള്‍ കോടതിയില്‍ പറയും, എന്നാല്‍ അതൊന്നും വിധിയില്‍ ഉണ്ടാവില്ല. സ്വന്തം തോന്നലുകളാണ് അവര്‍ പറയുന്നത്.

പലപ്പോഴും ജഡ്ജിമാര്‍ സ്വന്തം ചുമതല വിട്ട് എക്‌സിക്യൂട്ടിവിന്റെ അധികാരത്തിലേക്കു കടന്നുകയറുന്നു. പ്രായോഗിക ബുദ്ധിമുട്ടുകളോ സാമ്പത്തിക ഞെരുക്കമോ ഒന്നും അറിയാതെയാണിത്. ഓരോരുത്തരും അവരവരുടെ ചുമതലകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് നല്ലത്. ഇതിനു സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ വേണം. 

സോഷ്യല്‍ മീഡിയയുടെ കാലമാണ്. കോടതി നടപടികള്‍ ആളുകള്‍ ലൈവ് ആയി കാണുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ ജഡ്ജിമാരെ വിധിക്കുന്ന കാലമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജുഡീഷ്യറിക്ക് ഉത്തരവുകള്‍ നല്‍കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ അവര്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

1993വരെ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് സര്‍ക്കാരാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. അന്നു നമുക്കു വിഖ്യാതരായ ജഡ്ജിമാര്‍ ഉണ്ടായിരുന്നു. 1993ല്‍ സുപ്രീം കോടതി തന്നെ ഇതില്‍ മാറ്റം വരുത്തി. ലോകത്ത് ഒരിടത്തും ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതിയില്ല. ഭരണഘടന അനുസരിച്ച് ജഡ്ജിമാരുടെ നിയമനം സര്‍ക്കാരിന്റെ ജോലിയാണെന്ന് നിയമമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com