അതിര്‍ത്തികളില്ലാത്ത കാരുണ്യം; പാക് ക്രിക്കറ്റ് താരത്തിന്റെ മകള്‍ക്ക് ബംഗളൂരുവില്‍ ശസ്ത്രക്രിയ; മജ്ജ മാറ്റിവയ്ക്കല്‍ വിജയം

പാകിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരിക്ക് ഇന്ത്യയില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പാകിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരിക്ക് ഇന്ത്യയില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്ദര്‍ ഭക്തിന്റെ മകള്‍ അമൈറ സിക്കന്ദര്‍ ഖാനിന് നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന് ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് അറിയിച്ചു. കറാച്ചി സ്വദേശിയാണ് സിക്കന്ദര്‍ ഭക്ത്.

ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമായ മ്യൂക്കോപോളിസാക്കറിഡോസിസ് ആണ് കുട്ടിയെ ബാധിച്ചിരുന്നത്. കണ്ണ്, തലച്ചോറ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ ഗുരുതര രോഗത്തില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ദേവി ഷെട്ടി അറിയിച്ചു. 

അച്ഛന്റെ മജ്ജയാണ് അമൈറ സിക്കന്ദര്‍ ഖാനിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലം ശരീരത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. കരളും പ്ലീഹയും വലുതാകുന്ന അവസ്ഥ ഉണ്ടാവും. അസ്ഥികളില്‍ മാറ്റം ഉണ്ടാവുമെന്നും ദേവി ഷെട്ടി പറയുന്നു.

ഈ അപൂര്‍വ്വ രോഗം ബാധിക്കുന്ന കുട്ടികള്‍ 19 വയസാകുമ്പോഴേക്കും അംഗപരിമിതര്‍ ആകുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. പിന്നാലെ ഇവര്‍ക്ക് മരണവും സംഭവിക്കാറുണ്ട്. ഈ രോഗം മാറാനുള്ള ഏക മാര്‍ഗം മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണെന്നും ഡോക്ടര്‍ പറയുന്നു.

പെണ്‍കുട്ടിക്ക് സഹോദരങ്ങള്‍ ആരുമില്ല. പുറത്തുനിന്ന് ദാതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മാതാപിതാക്കളില്‍ ഒരാളെ ദാതാവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പകുതി മാത്രമാണ് പൊരുത്തമുണ്ടായിരുന്നതെന്നും ഡോക്ടര്‍ പറയുന്നു. 

നാലുമാസം മുന്‍പാണ് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറയുന്നു. ശരീരത്തിലെ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകള്‍ സാധാരണ നിലയില്‍ എത്തിയതായും ഡോക്ടര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com