വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ല; ദമ്പതിമാര്‍ ആയി കണക്കാക്കാനാവില്ല: ഹൈക്കോടതി

അതതു മതത്തിലെ രീതികള്‍ അനുസരിച്ച് വിവാഹച്ചടങ്ങു നടത്തേണ്ടതു നിര്‍ബന്ധമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദുര: വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയതു കൊണ്ടുമാത്രം ദമ്പതികള്‍ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി മദുര ബെഞ്ചിലെ ജസ്റ്റിസ് ആര്‍ വിജയകുമാര്‍ പറഞ്ഞു.

അതതു മതത്തിലെ രീതികള്‍ അനുസരിച്ച് വിവാഹച്ചടങ്ങു നടത്തേണ്ടതു നിര്‍ബന്ധമാണ്. വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള ചടങ്ങില്‍ വിവാഹിതരായതിനു ശേഷമേ തമിഴ്‌നാട് വിവാഹ രജിസ്‌ട്രേഷന്‍ നിയമം  അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്യാനാവൂ. ചടങ്ങു നടത്താതെ നിയമപ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാനാവില്ല- കോടതി പറഞ്ഞു.

വിവാഹം റദ്ദു ചെയ്തു തരണം എന്നാവശ്യപ്പെട്ടു മുസ്ലിം യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. മാതാപിതാക്കളെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി കസിന്‍ തന്നെ വിവാഹം ചെയ്യുകയായിരുന്നെന്നാണ് യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുമ്പ് കക്ഷികള്‍ വ്യക്തിനിയമ പ്രകാരം വിവാഹിതരായിട്ടുണ്ടോയെന്ന് രജിസ്‌ട്രേഷന്‍ അധികൃതര്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം യാന്ത്രികമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തരുത്. ചടങ്ങുകള്‍ നടത്താതെ ഇങ്ങനെ ലഭിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്നും കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com