'പനീറില്‍ ഈര്‍പ്പം കൂടി; കടയുടമയ്ക്കു തടവുശിക്ഷ'; വിധി റദ്ദാക്കി സുപ്രീം കോടതി

സ്വാഭാവിക കാരണങ്ങളാല്‍ ഈര്‍പ്പം കൂടാനുള്ള സാധ്യത കണക്കിലെടുക്കാതെയാണ് ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പനീറില്‍ ഈര്‍പ്പം കൂടിയതിന് മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തിയ ആളെ സുപ്രീം കോടതി വെറുതെവിട്ടു. സ്വാഭാവിക കാരണങ്ങളാല്‍ ഈര്‍പ്പം കൂടാനുള്ള സാധ്യത കണക്കിലെടുക്കാതെയാണ് ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

പനീറില്‍ പരമാവധി ഈര്‍പ്പത്തിന്റെ അളവ് എഴുപതു ശതമാനമായിരിക്കണമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഇയാള്‍ വിറ്റ പനീറില്‍ 77.6 ശതമാനം ഈര്‍പ്പം ഉണ്ടായിരുന്നു. ഇതു പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റക്കാരനെന്നു കണ്ടത്. 

സ്വാഭാവികമായ കാരണങ്ങളാലാണോ ഈര്‍പ്പം കൂടിയതെന്ന് പരിശോധിക്കാതെയാണ് വിധിയെന്ന് ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീറും വി രാമസുബ്രഹ്മണ്യനും പറഞ്ഞു. പാലിന്റെ ഗുണനിലവാരവും ഒരു ഘടകം ആവാമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ബംഗാള്‍ സ്വദേശിയായ ഭട്ടാചാര്യ മഹാശയയാണ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ എത്തിയത്. രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധി സെഷന്‍സ് കോടതി ശരിവച്ചിരുന്നു. പിന്നീട് മശാശയയുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ശിക്ഷാകാലാവധി മൂന്നു മാസമായി കുറച്ചു. ഇതിനെതിരെയാണ് സുപ്രിം കോടതിയിലെ അപ്പീല്‍.

മഹാശയയുടെ കടയില്‍നിന്നു വാങ്ങിയ പനീറില്‍ ഈര്‍പ്പത്തിന്റെ അളവ് അനുവദിക്കപ്പെട്ടതിലും കൂടുതലാണെന്നും പാല്‍ക്കൊഴുപ്പ് വേണ്ടത്രയില്ലെന്നുമായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. മായം ചേര്‍ക്കല്‍ നിരോധന നിയമത്തിന്റെ രണ്ടാം ഉപവകുപ്പില്‍ പ്രകൃതിപരമായ കാരണങ്ങളാല്‍ ഉണ്ടാവുന്ന ഗുണനിലവാര രാഹിത്യത്തെക്കുറിച്ചു പറയുന്നുണ്ടെന്നും ഇതു കോടതി കണക്കിലെടുത്തില്ലെന്നും കടയുടമ വാദിച്ചു. ഇതു ശരിവച്ച സുപ്രീം കോടതി ഇല്ലാത്ത ഒരു കേസിന്റെ പേരിലാണ് കടയുടമയെ ക്രൂശിച്ചതെന്ന് അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com