ആശുപത്രിയിലെ എല്ലാ മരണങ്ങളും ചികിത്സാ പിഴവു കൊണ്ടല്ല; തെളിവ് നിര്‍ണായകമെന്ന് സുപ്രീം കോടതി

ഒരു മരണം ചികിത്സാ പിഴവു കൊണ്ട് ആണെന്നു വിലയിരുത്താന്‍ മതിയായ തെളിവുകള്‍ വേണമെന്ന് സുപ്രീം കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ആശുപത്രിയില്‍ വച്ചുണ്ടാവുന്ന എല്ലാ മരണങ്ങളും ചികിത്സാ പിഴവു കൊണ്ട് ഉണ്ടാവുന്നതല്ലെന്ന് സുപ്രീം കോടതി. ഒരു മരണം ചികിത്സാ പിഴവു കൊണ്ട് ആണെന്നു വിലയിരുത്താന്‍ മതിയായ തെളിവുകള്‍ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ മരണം ചികിത്സാ പിഴവു കൊണ്ടാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം തേടി നല്‍കിയ അപ്പീല്‍ തള്ളിയ, ഉപഭോക്തൃ കമ്മിഷന്‍ വിധിക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഉപഭോക്തൃ കമ്മിഷന്റെ തീര്‍പ്പില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഛര്‍ദിയെത്തുടര്‍ന്നാണ് ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭാര്യ ഹര്‍ജിയില്‍ പറഞ്ഞു. കാഷ്വാലിറ്റിയില്‍ പരിശോധന  നടത്തിയതിനു ശേഷവും ഭര്‍ത്താവിനു ഛര്‍ദില്‍ ഉണ്ടായി. തുടര്‍ന്നു ഡോക്ടര്‍മാര്‍ ഇന്‍ജക്ഷന്‍ നല്‍കി. ഇതിനു പിന്നാലെ ഭര്‍ത്താവിനു ബോധരഹിതനായി. ഇതിനിടെ കുടുംബാംഗങ്ങളെ വാര്‍ഡില്‍നിന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടും ചികിത്സയ്ക്കായി കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചില്ല. അര്‍ധരാത്രിയോടെ ഭര്‍ത്താവിനെ ഐസിയുവിലേക്കു മാറ്റിയെന്നും പുലര്‍ച്ചയോടെ മരിച്ചതായി അറിയിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തിനു കാരണം വിശദീകരിക്കാന്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് ഉപഭോക്തൃ കമ്മിഷനു നല്‍കിയ പരാതിയില്‍ ഭാര്യ ആരോപിച്ചത്. ഏഴു കോടി രൂപ നഷ്ടപരിഹാരവും മൂന്നു കോടി മാനസിക പീഡയ്ക്കും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കൃത്യമായ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാണ് ചികിത്സ നടത്തിയതെന്നും പിഴവു പറ്റിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. രോഗിക്കു പ്രമേഹമുണ്ടായിരുന്നെന്ന കാര്യം കുടുംബം മറച്ചുവച്ചെന്നും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു. ചികിത്സാ നടപടിക്രമങ്ങള്‍ പരിശോധിച്ച ഉപഭോക്തൃ ഫോറം ചികിത്സാ പിഴവ് എന്ന ആരോപണം തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com