തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലിക അവകാശമല്ല: സുപ്രീം കോടതി

നിയമ നിര്‍മാണത്തിലൂടെ ഒരാള്‍ക്ക് കൈവരുന്ന അവകാശമാണ് അതെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവകാശം മൗലിക അവകാശല്ലെന്ന് സുപ്രീം കോടതി. നിയമ നിര്‍മാണത്തിലൂടെ ഒരാള്‍ക്ക് കൈവരുന്ന അവകാശമാണ് അതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കാന്‍ ആളില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

നിയമ നിര്‍മാണത്തിലൂടെയാണ് ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുളള അവകാശം ലഭിച്ചത്. അതുകൊണ്ടുതന്നെ ആ നിയമത്തിലെ നിബന്ധനകള്‍ പാലിക്കാന്‍ മത്സരിക്കുന്നയാള്‍ക്കു ബാധ്യതയുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെയും വ്യവസ്ഥകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പാലിച്ചേ മതിയാവൂ എന്ന്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാംശു ധുലിയ എന്നിവര്‍ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മെയ് 12ലെ വിജ്ഞാപനപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചത്. എന്നാല്‍ പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. 

ഹൈക്കോടതി നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി കോടതിച്ചെലവായി ഒരു ലക്ഷം രൂപ അടയ്ക്കാന്‍ ഹര്‍ജിക്കാരനോടു നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com