'ഹിജാബ് ധരിക്കുന്നത് കടമ; മതാചാരമാണോയെന്നു പരിശോധിക്കാന്‍ കോടതിക്കാവില്ല'

തല മറയ്ക്കുക എന്നത് ഇസ്ലാമിലെ ഫര്‍സുകളില്‍ ഒന്നാണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്ന് ധവാന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ ഫര്‍സുകളില്‍ (കടമ) ഒന്നാണെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. അത് ഒഴിവാക്കാനാവാത്ത മതാചാരമാണോയെന്നു കോടതികള്‍ക്കു പരിശോധിക്കാനാവില്ലെന്നും ഒരു വിഭാഗം ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവു ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.

ഒരു മതാചാരം സമുദായത്തില്‍ നിലനില്‍ക്കുന്നതും പിന്തുടരുന്നതുമാണെങ്കില്‍ മതപാഠങ്ങള്‍ വച്ച് അതിന്റെ സാധുത പരിശോധിക്കേണ്ടതില്ലെന്ന്, ബിജോയ് ഇമ്മാനുവല്‍ കേസിലെ വിധി ചൂണ്ടിക്കാട്ടിക്കൊണ്ട് ധവാന്‍ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെങ്കിലുള്ള ശിക്ഷ മതപാഠങ്ങളിലില്ലെന്നു ചൂണ്ടിക്കാട്ടി, അത് ഒഴിവാക്കാനാവാത്ത മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ തീര്‍പ്പ് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ധവാന്‍ വാദിച്ചു.

കോടതിക്കു പരിശോധിക്കാനാവില്ലെങ്കില്‍ ഒരു തര്‍ക്കം ഉടലെടുത്താന്‍ എന്താണ് ചെയ്യുകയെന്ന് ബെഞ്ച് ആരാഞ്ഞു. ഇവിടെ ഒരു തര്‍ക്കത്തിനു സാധ്യത തന്നെയില്ലെന്നായിരുന്നു ധവാന്റെ പ്രതികരണം. ഹിജാബ് എല്ലായിടത്തും ധരിക്കുന്നുണ്ട്. അത് ഉത്തമവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. നിലനില്‍ക്കുന്ന ഒരു ആചാരത്തിന്റെ സാധുത മതപാഠങ്ങളില്‍ തിരയേണ്ടതില്ല. വിശ്വാസത്തിന്റെ രീതി അനുസരിച്ച് വിശ്വാസികള്‍ പിന്തുടരുന്ന കാര്യം അനുവദിക്കപ്പെട്ടതാണ്. അതിനെ വിശ്വസമായി എടുക്കുക എന്നതാണ് കോടതിക്കു ചെയ്യാനുള്ളതെന്ന് ധവാന്‍ വിശദീകരിച്ചു.

തല മറയ്ക്കുക എന്നത് ഇസ്ലാമിലെ ഫര്‍സുകളില്‍ ഒന്നാണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്ന് ധവാന്‍ ചൂണ്ടിക്കാട്ടി. പ്രീമെഡിക്കല്‍ പരീക്ഷയില്‍ തട്ടിപ്പു തടയുകയെന്ന ലക്ഷ്യത്തോടെ ബോര്‍ഡ് കൊണ്ടുവന്ന നിയന്ത്രണങ്ങളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കര്‍ണാടകയിലെ കേസില്‍ ഇത്തരമൊരു സാഹചര്യം പോലുമില്ല. പൊതു സ്ഥലത്ത് അനുവദിക്കപ്പെട്ട ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ല എന്നു പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്? ഭരണഘടനയെട 14, 15 അനുഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളതെന്ന് ധവാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com