70 വർഷം നീണ്ട കാത്തിരിപ്പ്; എട്ട് ചീറ്റപ്പുലികൾ എത്തി; വരവേറ്റ് രാജ്യം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 08:10 AM  |  

Last Updated: 17th September 2022 08:13 AM  |   A+A-   |  

cheetah

വീഡിയോ ​ദൃശ്യം

 

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ തിരികെ എത്തിക്കുന്ന പദ്ധതിയുടെ ഭാ​ഗമായി നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകൾ എത്തി. കടുവയുടെ ചിത്രം പതിപ്പിച്ച മുൻഭാഗമുള്ള ബോയിങ് 747 കാർഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളിൽ എട്ട് ചീറ്റകളെ നമീബിയയിലെ വിൻഡ്‌ഹോക് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിലിറങ്ങിയത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. 

ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്ന് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്ററുകളിലെത്തിക്കും. തന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ ജഖോഡ പുൽമേടുകളിലുള്ള ക്വാറന്റൈൻ അറകളിലേക്ക് തുറന്നു വിടും. ആറ് ആഴ്ചയ്ക്കുള്ളിൽ ആൺ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളിൽ പെൺ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നു വിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ തുടങ്ങിയവരും വിമാനത്തിലുണ്ട്. 

സംഘത്തിലുള്ള പെൺ ചീറ്റകൾക്ക് 2–5 വയസും ആൺ ചീറ്റകൾക്ക് 4.5 –5.5 വയസുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തിൽ ജനിച്ചതാണ് മൂന്നാമത്തെ ആൺചീറ്റ. സഞ്ചാരപഥം മനസിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകൾ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങൾക്കായിരിക്കും.

ചീറ്റകൾ വീണ്ടും രാജ്യത്തെത്തുമ്പോൾ 13 വർഷം നീണ്ട പ്രയത്നത്തിനാണ് സാക്ഷാത്കാരമാകുന്നത്. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രൊജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്. അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പദ്ധതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രധാനമന്ത്രി നരേന്ദ്ര മോദി 72ന്റെ നിറവിൽ; ഇന്ന് പിറന്നാൾ; ആഘോഷമാക്കാൻ ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ