ഗെലോട്ടിന്റെ 'ധിക്കാരത്തില്‍' ഹൈക്കമാന്‍ഡിന് അതൃപ്തി; സോണിയ നിലപാട് കടുപ്പിക്കുന്നു; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ പരിഗണനയില്‍

വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന
അശോക് ഗെലോട്ടും സോണിയയും/ ഫയല്‍
അശോക് ഗെലോട്ടും സോണിയയും/ ഫയല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് കേന്ദ്രനിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. ഗെലോട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തില്‍ സോണിയയും രാഹുലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 

തന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് രാവിലെ നിരീക്ഷകരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കസേര വിശ്വസ്തര്‍ക്കേ വിട്ടുനല്‍കൂ എന്നും അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹൈക്കമാന്‍ഡും നിലപാട് കടുപ്പിച്ചത്. പ്രതിസന്ധിയില്‍ പരിഹാരം കണ്ടെത്തുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. 

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്നാണ് ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാരുടെ നിലപാട്.  രാജസ്ഥാനിലെ പ്രതിസന്ധിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയാഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനോടും ആവശ്യപ്പെട്ടു. എംഎല്‍എമാരെ നേരിട്ടു കാണാനും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

എന്നാല്‍ എംഎല്‍എമാര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാന്‍ കൂട്ടാക്കുന്നില്ലെന്നും, ഒരുമിച്ചാണ് കണ്ടതെന്നും അജയ് മാക്കന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കടുംപിടുത്തം തുടരുന്ന എംഎല്‍എമാരുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും മാക്കന്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റാകുന്നതിന് സ്ഥാനം ഒഴിയുമ്പോള്‍, മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന് സോണിയാഗാന്ധി നേരിട്ട് അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിന് പുല്ലുവില കല്‍പ്പിച്ച ഗെലോട്ടിന്റെ നടപടിയാണ് ഹൈക്കമാന്‍ഡിന്റെ അപ്രീതിക്ക് കാരണമായത്. പുതിയ സാഹചര്യത്തില്‍ അശോക് ഗെലോട്ടിനു പകരം മുകുള്‍ വാസ്‌നിക്, ദിഗ് വിജയ് സിങ് എന്നിവരുടെ പേരുകളാണ് എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്. ഇക്കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ സച്ചിനെ പിന്തുണച്ച് ജോധ്പൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com