കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ വ്യക്തികളുടെ മൗലിക അവകാശം ഇല്ലാതാവില്ല: ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th September 2022 11:32 AM  |  

Last Updated: 26th September 2022 11:32 AM  |   A+A-   |  

Madras High Court

മദ്രാസ് ഹൈക്കോടതി/ഫയല്‍

 

ചെന്നൈ: കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ടതിന്റെ പേരിരോ തടങ്കലിലായതിന്റെ പേരിലോ പൗരന്മാരുടെ മൗലികാവകാശം ഇല്ലാതാവുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. കള്ളവാറ്റു നടത്തിയെന്ന് ആരോപിച്ച് കരുതല്‍ തടങ്കലില്‍ ആക്കിയ സ്ത്രീകള്‍ക്കു അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, ഹൈക്കോടതിയുടെ പരാമര്‍ശം.

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശം കേസില്‍ പെട്ടതിന്റെ പേരില്‍ പൗരന്മാര്‍ക്കു നഷ്ടമാവുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുന്നവര്‍ക്കു കൂടി ഉള്ളതാണ് പൗരന്റെ മൗലിക അവകാശം. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിന്റെ പേരിലോ കരുതല്‍ തടങ്കലിലായതിന്റെ പേരിലോ ഇത് ഇല്ലാതാവുന്നില്ല''- ജസ്റ്റിസുമാരായ എസ് വിദ്യാനാഥനും എഡി ജഗദീഷ് ചന്ദ്രയും പറഞ്ഞു.

കള്ളവാറ്റു നടത്തിയെന്ന് ആരോപിച്ച് കരുതല്‍ തടങ്കലില്‍ ആക്കിയ സ്ത്രീകളുടെ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 2021 ഡിസംബര്‍ എട്ടിനാണ് രണ്ടു സ്ത്രീകളെയും കരുതല്‍ തടങ്കലില്‍ ആക്കിയത്. തിരുച്ചിറപ്പള്ളി വനിതാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചത്. എന്നാല്‍ 2022 ജനുവരി 28നാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറത്തിറക്കിയത്. 

മാര്‍ച്ച് 16ന് ചേര്‍ന്ന ഉപദേശക സമിതി ഇരുവരെയും കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനു കാരണമൊന്നുമില്ലെന്നാണ് വിലയിരുത്തിയത്. തുടര്‍ന്ന് ജൂലൈ 22ന് മോചന ഉത്തരവ് പുറപ്പെടുവിച്ചു. 

നാലു മാസത്തോളം രണ്ടു സ്ത്രീകളെ ഒരു കാരണവുമില്ലാതെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി. ഭരണഘടനയുടെ അനുഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് കോടതി പറഞ്ഞു. കുറ്റവാളികളോടു പോലും നിര്‍ബന്ധമായും മാന്യമായി പെരുമാറേണ്ടതുണ്ടെന്ന തത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണിത്. മറ്റുള്ളവരെ സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കു സ്വയം സ്വതന്ത്രരായിരിക്കാന്‍ അര്‍ഹതയില്ലെന്ന് നഷ്ടപരിഹാരം വിധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു; ബിഎഡ് വിദ്യാര്‍ഥിനിയും ഡോക്ടറും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ