സാനിറ്ററി പാഡ് 20 രൂപയ്ക്ക് തരുമോയെന്ന് വിദ്യാര്‍ഥിനി; നാളെ കോണ്ടം ചോദിക്കുമോയെന്ന് ഐഎഎസ് ഉദ്യോഗസ്ഥ, വിവാദം

പെണ്‍കുട്ടികളുടെ ശാക്തീകരണ ലക്ഷ്യമിട്ടുള്ള പരിപാടിക്കിടെ, സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപ പരാമര്‍ശം
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് ബിഹാറില്‍ നടത്തിയ  വിവാദ പരിപാടി
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് ബിഹാറില്‍ നടത്തിയ വിവാദ പരിപാടി

പട്‌ന: പെണ്‍കുട്ടികളുടെ ശാക്തീകരണ ലക്ഷ്യമിട്ടുള്ള പരിപാടിക്കിടെ, സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപ പരാമര്‍ശം. കുടുംബാസൂത്രണത്തിന് ഉപയോഗിക്കുന്ന കോണ്ടം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് ഐഎഎസ് ഉദ്യോഗസ്ഥ നടത്തിയത്.

ബിഹാറിലാണ് സംഭവം.യൂണിസെഫും മറ്റു സംഘടകളുമായി ചേര്‍ന്ന് സംസ്ഥാന വനിതാ ശിശു വികസന കോര്‍പ്പറേഷന്‍ നടത്തിയ പരിപാടിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് അധിക്ഷേപ പരാമര്‍ശം ഉണ്ടായത്. പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വനിതാ ശിശു വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഹര്‍ജോത് കൗര്‍ ഭമ്രയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

സര്‍ക്കാരിന് 20-30 രൂപ നിരക്കില്‍ സാനിറ്ററി പാഡ് നല്‍കാന്‍ കഴിയുമോ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്. നാളെ നിങ്ങള്‍ പറയും, സര്‍ക്കാരിന് ജീന്‍സും നല്‍കാന്‍ കഴിയും, എന്തുകൊണ്ട് ഭംഗിയുള്ള ഷൂ കൂടി നല്‍കിക്കൂടാ?, കുടുംബാസൂത്രണത്തിന് ഉപയോഗിക്കുന്ന കോണ്ടം കൂടി സര്‍ക്കാര്‍ നല്‍കുമെന്ന് നിങ്ങള്‍ കരുതും'- ഐഎഎസ് ഉദ്യോഗസ്ഥയുടെ ഈ വാക്കുകളാണ് വിവാദമായത്.

ജനങ്ങളുടെ വോട്ട് കൊണ്ടല്ലേ സര്‍ക്കാര്‍ ഉണ്ടാവുന്നത് എന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ഓര്‍മ്മിപ്പിച്ചപ്പോള്‍, അത് വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. 'അങ്ങനെയെങ്കില്‍ വോട്ട് ചെയ്യരുത്. പിന്നാലെ പാകിസ്ഥാനായി മാറട്ടെ. പണത്തിനും സേവനത്തിനും വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യുമോ? ' - ഉദ്യോഗസ്ഥയുടെ വാക്കുകള്‍ ഇങ്ങനെ.

താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേള്‍വിക്കാരുടെ ഇടയില്‍ ഞെട്ടല്‍ ഉളവാക്കി എന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ മറ്റു ചില കാര്യങ്ങള്‍ പറഞ്ഞു അനുനയിപ്പിക്കാനും ശ്രമിച്ചു. 'എന്തിനാണ് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും കിട്ടണമെന്ന് പ്രതീക്ഷിക്കുന്നത്?, അത് തെറ്റായ കാഴ്ചപ്പാടാണ്. നിങ്ങള്‍ തന്നെ സ്വയംപര്യാപ്ത നേടാന്‍ ശ്രമിക്കണം'- ഉദ്യോഗസ്ഥ പറയുന്നു. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥിനികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥയുടെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com