ഡികെ ശിവകുമാറിന്റെ വസതിയിൽ സിബിഐ റെയ്ഡ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 08:09 AM  |  

Last Updated: 29th September 2022 08:13 AM  |   A+A-   |  

CBI inspects Congress leader DK Shivakumar’s house

ഫയല്‍ ചിത്രം

 

ബെം​ഗളൂരു; കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വസതിയിൽ സിബിഐ റെയ്ഡ്. സുപ്രധാന രേഖകൾ പിടിച്ചെടുത്തെന്ന് സിബിഐ വ്യക്തമാക്കി. ശിവകുമാറിന്റെ സ്വദേശമായ കനകപുരയിലെ വസതിയിൽ ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐ റെയ്ഡ്. 

വീടിന്റേയും ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള മറ്റു പ്രോപ്പര്‍ട്ടികളുടേയും രേഖകളാണ് പരിശോധിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സിബിഐ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിരുന്നെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. 

ഞാന്‍ നിയമത്തെ ബഹുമാനിക്കുന്നു. അവര്‍ ചോദിച്ച രേഖകളെല്ലാം ഞാന്‍ സമര്‍പ്പിച്ചു. എന്നിട്ടും അവരെന്റെ വസതി പരിശോധിച്ചു. നിരവധി പേരാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിടുന്നത്. പക്ഷേ എന്റെ കേസില്‍ മാത്രമാണ് സിബിഐക്ക് താല്‍പ്പര്യം. എന്റെ കാര്യം മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടാണ്? ഞാന്‍ മാനസിക പീഡനമാണ് അനുഭവിക്കുന്നത്.- ശിവകുമാര്‍ പറഞ്ഞു. 

അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എഫ്‌ഐആറിനെ എതിര്‍ത്തുകൊണ്ട് ശിവകുമാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ സമയം നീട്ടിച്ചോദിച്ചതിനു പിന്നാലെയാണ് റെയ്ഡ്. 2020ലാണ് സിബിഐ ശിവകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് കോടതിയെ സിബിഐ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ