ജാരവൃത്തി കുടുംബങ്ങളെ തകര്‍ക്കും, സേനയുടെ അച്ചടക്കം ഇല്ലാതാക്കും; തടയാന്‍ സംവിധാനം വേണമെന്ന് സുപ്രീം കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th September 2022 11:12 AM  |  

Last Updated: 30th September 2022 04:44 PM  |   A+A-   |  

COURT

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ജാരവൃത്തി കുടുംബങ്ങളെ തകര്‍ക്കുമെന്ന് സുപ്രീം കോടതി. ജാരവൃത്തി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സായുധ സേനയ്ക്കു പ്രത്യേക സംവിധാനം വേണമെന്ന്, ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സേനയിലെ അച്ചടക്കത്തിനു ഭംഗംവരുത്താന്‍ ജാരവൃത്തി ഇടയാക്കുമെന്ന് കോടതി പറഞ്ഞു.

ജാരവൃത്തി കുറ്റകരമല്ലാതാക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍നിന്ന് സായുധ സേനയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

''ജാരവൃത്തി വൈഷമ്യങ്ങളുണ്ടാക്കും, അത് കുടുംബങ്ങളെ തകര്‍ക്കും. വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ അതു കണ്ടിട്ടുള്ളതാണ്. അതിനെ ലഘുവായി കൈകാര്യം ചെയ്യാനാവില്ല. സായുധ സേനകള്‍ അതിനായി സംവിധാനം കൊണ്ടുവരേണ്ടതാണ്''- ബെഞ്ച് അഭിപ്രായപ്പെട്ടു.

സേനകളില്‍ അച്ചടക്കം പ്രധാനമാണെന്ന് കോടതി പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ജാരവൃത്തി കുറ്റകരമല്ലാതാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, അച്ചടക്ക നടപടിയെ അതു തടയുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍, ജാരവൃത്തിയുടെ പേരില്‍ എടുത്ത അച്ചടക്ക നടപടികള്‍ സായുധാ സേനാ ട്രൈബ്യൂണല്‍ തള്ളുകയാണെന്ന് പ്രതിരോധ മന്ത്രാലയം കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു'; 30കാരിയായ മോഡൽ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ